ദുബായ്: സെമിയിൽ നാലുവിക്കറ്റിന് ഓസീസിനെ ആട്ടിയോടിച്ച് ഇന്ത്യ തങ്ങളുടെ അഞ്ചാം ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ. ഇന്നലെ ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയയെ 49.3 ഓവറിൽ 264 റൺസിന് ആൾഔട്ടാക്കിയശേഷം 48.1 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്.
നായകൻ സ്റ്റീവ് സ്മിത്ത് (73), അലക്‌സ് കാരേ (61) എന്നിവരുടെ അർദ്ധസെഞ്ച്വറികളാണ് ഓസീസിനെ 264ലെത്തിച്ചത്. വിരാട് കൊഹ്‌ലിയുടേയും (84) ശ്രേയസിന്റേയും (45), കെ.എൽ രാഹുലിന്റേയും (42*),ഹാർദിക് പാണ്ഡ്യയുടേയും (28), രോഹിത് ശർമ്മയുടേയും (28),അക്ഷർ പട്ടേലിന്റേയും (27)കൂട്ടായപോരാട്ടമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. വിരാടാണ് മാൻ ഒഫ് ദ മാച്ച്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന്റെ യുവഓപ്പണർ കൂപ്പർ കൊണോലിയെ (0) മൂന്നാം ഓവറിൽ പുറത്താക്കി മുഹമ്മദ് ഷമിയാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. ഷമിയുടെ ലെംഗ്ത് ബാളുകളെ നേരിടാൻ ബുദ്ധിമുട്ടിയ കോണോലി കീപ്പർ രാഹുലിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. പകരമെത്തിയ സ്റ്റീവൻ സ്മിത്തും ട്രാവിസ് ഹെഡും ചേർന്ന് ടീമിനെ അമ്പതുകടത്തി. ഒൻപതാം ഓവറിൽ ടീം സ്‌കോർ 54 നിൽക്കേ ഇന്ത്യയുടെ തലവേദനയായ ഹെഡിനെ വരുൺ ചക്രവർത്തി ഗുഭ്മാൻ ഗില്ലിന്റെ കയ്യിലെത്തിച്ചു. എന്നാൽ മൂന്നാം വിക്കറ്റിൽ സ്മിത്തും ലബുഷെയ്‌നും ഒന്നിച്ചത് ഓസീസിന് കരുത്തുനൽകി.
23ാം ഓവർ വരെ ക്രീസിൽ നിന്ന ഈ സഖ്യം 56 റൺസാണ് കൂട്ടിച്ചേർത്തത്. ലാബുഷയ്‌നെ എൽ.ബിയിൽ കുരുക്കി രവീന്ദ്ര ജഡേജയാണ് സഖ്യം പൊളിച്ചത്. വൈകാതെ ജോഷ് ഇൻഗിലിസിനെയും (11) ജഡേജതന്നെ മടക്കി അയച്ചു. വിരാടിനായിരുന്നു ക്യാച്ച്. എന്നാൽ ഓസീസ് നായകൻ ക്രീസിൽ തുടർന്നത് ഇന്ത്യയ്ക്ക് പിന്നെയും സമ്മർദ്ദംസൃഷ്ടിച്ചു. 96 പന്തുകളിൽ നാലുഫോറും ഒരു സിക്‌സുമടക്കം 73 റൺസ് നേടിയ സ്മിത്തിനെ ഒടുവിൽ 37ാം ഓവറിൽ മുഹമ്മദ് ഷമി ബൗൾഡാക്കുകയായിരുന്നു. പകരമിറങ്ങിയ അലക്‌സ് കാരേ ഒരു വശത്ത് നിലയുറപ്പിക്കേവ മാക്‌സ്‌വെല്ലിനെ (7) അക്ഷർ പട്ടേലും ബെൻ ദെർഷൂയിസിനെ (17) വരുണും മടക്കി അയച്ചു.
57 പന്തുകളിൽ എട്ടുഫോറുകളും ഒരു സിക്‌സും പായിച്ച കാരേയെ 48ാം ഓവറിൽ ശ്രേയസ് അയ്യർ റൺഔട്ടാക്കി. നഥാൻ എല്ലിസ് (10) 49ാം ഓവറിലും , ആദം സാമ്പ 50ാം ഓവറിലും (7) പുറത്തായി. ഷമി പത്തോവറിൽ 48 റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.ജഡേജയും വരുണും രണ്ട് വിക്കറ്റ് വീതവും പാണ്ഡ്യയും അക്ഷറും ഓരോവിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ചാം ഓവറിൽ ടീം സ്‌കോർ 30ൽ നിൽക്കവേ ശുഭ്മാൻ ഗില്ലിനെ നഷ്ടമായി. ദർഷുയിസ് ഗില്ലിനെ ബൗൾഡാക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ വിരാട് കൊഹ്‌ലി നങ്കൂരമിട്ടുകളിച്ചു. രോഹിത് ശർമ്മ (28) എട്ടാം ഓവറിൽ കൊണോലിയുടെ പന്തിൽ എൽ.ബയിൽ കുരുങ്ങി മടങ്ങിയെങ്കിലും ശ്രേയസും വിരാടും ക്രീസിലൊരുമിച്ചതോടെ ഇന്ത്യ ഉഷാറായി.
91 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം 27ാം ഓവറിൽ പിരിയുമ്പോൾ ടീം സ്‌കോർ 134/3 എന്ന നിലയിലായിരുന്നു.പകരമെത്തിയ അക്ഷർ പട്ടേൽ 27 പന്തുകളിൽ 30 റൺസ് നേടി 35ാം ഓവറിൽ എല്ലിസിന്റെ പന്തിൽ ബൗൾഡായപ്പോൾ ടീം 178/4 എന്ന നിലയിലായി. 225ൽ വച്ച് വിരാടും 259ൽ വച്ച് ഹാർദിക്കും പുറത്തായെങ്കിലും ഇന്ത്യ 11 പന്തുകൾ ബാക്കിനിൽക്കേ വിജയത്തിലെത്തി.
ഇന്ന് ലാഹോറിൽ ന്യൂസിലാൻഡും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെയാണ് ഇന്ത്യ ഫൈനലിൽ നേരിടേണ്ടത്. ഞായറാഴ്ച ദുബായ്‌യിൽ വച്ചാണ് ഫൈനൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്