ദുബായ്: ചാംപ്യന്‍സ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ കരുത്തരായ ന്യൂസിലന്‍ഡിനെ 44 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഗ്രൂപ്പ് എയുടെ തലപ്പത്തെത്തി. ശ്രേയസ് അയ്യരുടെ അര്‍ദ്ധ സെഞ്ച്വറിയും വരുണ്‍ ചക്രവര്‍ത്തിയുടെ 5 വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ചൊവ്വാഴ്ച ദുബായില്‍ നടക്കുന്ന സെമിഫൈനലില്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ ടോസ് നേടിയ കീവീസ് ഇന്ത്യയെ ആദ്യം ബാറ്റിംഗിനയക്കുകയായിരുന്നു. ഗില്ലിനെ (2) വിക്കറ്റിനു മുന്നില്‍ കുടുക്കി മാറ്റ് ഹെന്റിയുടെ വക ആദ്യ ആഘാതം. ജാമിസണിന്റെ പന്ത് പുള്‍ ചെയ്ത ക്യാപ്റ്റന്‍ രോഹിത് (15) വില്‍ യംഗിന്റെ കൈയിലൊതുങ്ങി. ഗള്ളിയില്‍ അവിശ്വസനീയമായ ക്യാച്ചിലൂടെ 300 ാം ഏകദിന കളിക്കുന്ന വിരാട് കോഹ്ലിയെ (11) ഗ്ലെന്‍ ഫിലിപ്‌സും പുറത്താക്കിയതോടെ ഇന്ത്യ 3 ന് 30 എന്ന നിലയില്‍ തകര്‍ന്നു.
നാലാം വിക്കറ്റില്‍ 98 റണ്‍സിന്റെ കൂട്ടുകെട്ടുമായി ശ്രേയസ് അയ്യറുടെയും അക്ഷര്‍ പട്ടേലിന്റെയും രക്ഷാപ്രവര്‍ത്തനം ഇന്ത്യക്ക് ആശ്വാസമായി. 42 റണ്‍സെടുത്ത അക്ഷറിനെ രചിന്‍ രവീന്ദ്ര മടക്കി. 50 കടന്ന് ശ്രേയസ് മുന്നോട്ട്. കൂട്ടിനെത്തിയ കെഎല്‍ രാഹുലും മികച്ച ഫോം പ്രകടിപ്പിച്ചു. സ്‌കോര്‍ 172 ല്‍ എത്തിയപ്പോള്‍ ഒറൂക്കിന്റെ കുത്തിയുയര്‍ന്ന പന്ത് കളിച്ച ശ്രേയസിന് പിഴച്ചു. വില്‍ യംഗിന് ക്യാച്ച് നല്‍കി മടക്കം. 98 പന്തില്‍ 79 റണ്‍സായിരുന്നു സമ്പാദ്യം. പിന്നാലെ കെഎല്‍ രാഹുല്‍ (23) സാന്റ്‌നറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ലാഥത്തിന് ക്യാച്ച് നല്‍കി പുറത്ത്.
16 റണ്‍സെടുത്ത ജഡേജയെയും മാറ്റ് ഹെന്റി മടക്കിയതോടെ വാലറ്റത്തെ കൂട്ടുപിടിച്ച് ഹാര്‍ദിക് പാണ്ഡ്യ സ്‌കോറുയര്‍ത്താന്‍ ശ്രമിച്ചു. അവസാന ഓവറില്‍ പാണ്ഡ്യയെയും (45) ഷമിയെയും വീഴ്ത്തി മാറ്റ് ഹെന്റി 5 വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു.
250 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ കീവിസിന് ആദ്യ പ്രഹരമേല്‍പ്പിച്ചത് ഹാര്‍ദിക്. 6 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയെ അക്ഷറിന്റെ കൈയിലെത്തിച്ചു. വില്‍ യംഗും കെയ്ന്‍ വില്യംസണും ചേര്‍ന്ന് സ്‌കോര്‍ 49 ല്‍ എത്തിച്ചപ്പോഴേക്കും വരുണ്‍ ചക്രവര്‍ത്തി ദൂസൂചനയുമായി എത്തി. 22 റണ്‍സ് നേടിയ യംഗ് ക്ലീന്‍ ബൗള്‍ഡ്. ഡാരില്‍ മിച്ചലിനെ (17) കുല്‍ദീപ് വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ സ്‌കോര്‍ 3ന് 93. ടോം ലാഥത്തെ (14) രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നില്‍ കുടുക്കി.
വരുണിന്റെ മാജിക്കായിരുന്നു പിന്നീട്. ഗ്ലെന്‍ ഫിലിപ്‌സും ബ്രേസ്‌വെലും വിക്കറ്റിനു മുന്നില്‍ കുടുങ്ങി പുറത്ത്. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും കെയ്ന്‍ വില്യംസണ്‍ ഏകനായി പൊരുതി. സ്‌കോര്‍ 169 ല്‍ എത്തിയപ്പോള്‍ അക്ഷറിന്റെ പന്തില്‍ ക്രീസ് വിട്ടിറങ്ങിയ വില്യംസണെ രാഹുല്‍ സ്റ്റംപ് ചെയ്തു. 120 പന്തില്‍ 81 റണ്‍സുമായി വില്യംസണ്‍ മടങ്ങിയതോടെ കീവിസിന്റെ വിജയമോഹവും അസ്തമിച്ചു. ഏതാനും മികച്ച ഷോട്ടുകളുമായി പരിശ്രമിച്ച ക്യാപ്റ്റന്‍ സാന്റ്‌നറെ (28) വരുണ്‍ ക്ലീന്‍ ബൗള്‍ ചെയ്തു. മാറ്റ് ഹെന്റിയെ കൂടി പുറത്താക്കി വരുണ്‍ 5 വിക്കറ്റ് തികച്ചു. വില്യം ഒറൂക്കിനെ കുല്‍ദീപ് ക്ലീന്‍ ബൗള്‍ ചെയ്തതോടെ കീവിസ് 205 റണ്‍സിന് പുറത്ത്. ഇന്ത്യന്‍ വിജയം 44 റണ്‍സിന്.
10 ഓവറില്‍ 42 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് കളിയിലെ താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്