നാഗ്പൂർ : ആദ്യ ഇന്നിംഗ്‌സിൽ 37 റൺസിന് ലീഡ് വഴങ്ങിയപ്പോൾ തന്നെ നിറം കെട്ട കേരളത്തിന്റെ കന്നിക്കിരീട സ്വപ്‌നങ്ങൾക്ക്‌മേൽ കരിനിഴലായി കരുൺ നായരും (132 നോട്ടൗട്ട്) ഡാനിഷ് മലേവറും(73) വീണ്ടും അവതരിച്ചു. രഞ്ജി ഫൈനലിന്റെ നാലാംദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ വിദർഭയുടെ രണ്ട് വിക്കറ്റുകൾ വെറും ഏഴു റൺസിനിടെ വീഴ്ത്താനായെങ്കിലും അവിടെനിന്ന് കടിഞ്ഞാൺ ഏറ്റെടുത്ത കരുണും ഡാനിഷും ചേർന്ന് കൂട്ടിച്ചേർത്തത് 182 റൺസ്.
ഇന്നലെ കളിനിർത്തുമ്പോൾ വിദർഭയുടെ സ്‌കോർ 249/4. ആകെ ലീഡ് 286 റൺസ്. അവസാന ദിനമായ ഇന്ന് അത്ഭുതങ്ങൾ എന്തെങ്കിലും നടന്നാലല്ലാതെ കേരളത്തിന് കിരീടം നേടാനാകില്ല. വിദർഭയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 379നെതിരെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് മൂന്നാം ദിവസം 342ൽ അവസാനിച്ചിരുന്നു. ഇന്നലെ 37 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങാനെത്തിയ വിദർഭയുടെ പാർത്ഥ് രഖാതെയെ (1) രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ജലജ് സക്‌സേന ബൗൾഡാക്കി.
മൂന്നാം ഓവറിൽ ധ്രുവ് ഷൊറേയെ (5) നിതീഷിന്റെ പന്തിൽ മുഹമ്മദ് അസ്ഹദ്ദീൻ പിടികൂടിയതോടെ ആതിഥേയർ 7/2 എന്ന നിലയിലായി. എന്നാൽ എത്രയും വേഗം എറിഞ്ഞിടാമെന്ന കേരളത്തിന്റെ പ്രതീക്ഷകളെയെല്ലാം കാറ്റിൽ പറത്തി ഒന്നാംഇന്നിംഗ്‌സിലേതുപോലെ കരുണും ഡാനിഷും ക്രീസിൽ ഒരുമിക്കുന്നതാണ് പിന്നീട് കണ്ടത്. ആദ്യ ഇന്നിംഗ്‌സിൽ 24/3ൽ നിന്ന് 249/4ലെത്തിച്ച ഇരുവരും ചേർന്ന് ഇന്നലെ 7/2ൽ നിന്ന് 189/3ലെത്തിച്ചു. ഇതിനിടയിൽ കരുണിന്റെ ക്യാച്ച് കൈവിട്ടത് കേരളത്തിന് തിരിച്ചടിയായി.
ലഞ്ചിന് പിരിയുമ്പോൾ 90/2 എന്ന നിലയിലായിരുന്നു വിദർഭ. ലഞ്ചിന് ശേഷമാണ് കരുൺ അർദ്ധസെഞ്ച്വറിയിൽ എത്തിയത്. ചായയ്ക്ക് മുന്നേ കരുൺ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. 162 പന്തുകളിൽ അഞ്ച് ബൗണ്ടറികളടക്കം 73 റൺസടിച്ച ഡാനിഷിനെ അക്ഷയ് ചന്ദ്രൻ സച്ചിൻ ബേബിയുടെ കയ്യിലെത്തിച്ചതിനെത്തുടർന്നാണ് സഖ്യം പിരിഞ്ഞത്. തുടർന്നെത്തിയ യഷ് റാത്തോഡിനെ (24)ക്കൂട്ടി കരുൺ ടീമിനെ 238ലെത്തിച്ചു. അവിടെ വച്ച് ആദിത്യ സർവാതെ യഷിനെ എൽ.ബിയിൽ കുരുക്കി മടങ്ങി.
കളി നിർത്തുമ്പോൾ നാലുറൺസുമായി നായകൻ അക്ഷയ് വാദ്കറാണ് കരുണിന് കൂട്ട്. 280 പന്തുകൾ നേരിട്ട കരുൺ 10 ഫോറുകളും രണ്ട് സിക്‌സുകളും പായിച്ചാണ് പുറത്താകാതെ നിൽക്കുന്നത്.
ഈ സീസൺ രഞ്ജിയിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് കരുൺ നേടിയത് 860* ആകെ റൺസ്. റൺവേട്ടയിൽ കരുൺ നാലാമത്. 960 റൺസ് നേടിയ യഷ് റാത്തോഡാണ് ഒന്നാമത്. ഈ സീസൺ രഞ്ജിയിലെ നാല് സെഞ്ച്വറികളും രണ്ട് അർദ്ധസെഞ്ച്വറികളും കരുൺ നേടിയിട്ടുണ്ട്. 8000 ഫസ്റ്റ് ക്‌ളാസ് റണ്ണുകൾ ക്രിക്കറ്റിൽ കരുൺ മറികടന്നതും ഈ മത്സരത്തിലൂടെയാണ്.
ഇന്ന് ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിദർഭ ഏഴ് വിക്കറ്റിന് 328 റൺസ് എടുത്തിട്ടുണ്ട്. ഇപ്പോൾ അവർക്ക് 365 റൺസ് ലീഡുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്