ന്യൂഡെല്‍ഹി: യുഎഇയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള 33 കാരിയായ ഷഹ്സാദി ഖാന്റെ വധശിക്ഷ ഫെബ്രുവരി 15 ന് ഗള്‍ഫ് രാജ്യത്ത് നടപ്പിലാക്കിയതായി സര്‍ക്കാര്‍ തിങ്കളാഴ്ച ഡെല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
ഷഹ്സാദി ഖാന്റെ സംരക്ഷണയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിനാണ് യുവതിക്കെതിരെ കേസെടുത്തിരുന്നത്. 2022 ഡിസംബറില്‍ സംഭവം നടന്നപ്പോള്‍ അവര്‍ അബുദാബിയില്‍ ഒരു പരിചാരകയായി ജോലി ചെയ്യുകയായിരുന്നു. പതിവ് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിയതിന് ശേഷമാണ് കുട്ടി മരിച്ചത്. ഷഹ്സാദിയെ മരണത്തിന് കാരണക്കാരിയാക്കി തടവില്‍ അടയ്ക്കുകയായിരുന്നു.
മകളുടെ വിവരങ്ങള്‍ തേടി ഷഹ്സാദിയുടെ പിതാവ് ശനിയാഴ്ച ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് വധശിക്ഷ നടപ്പാക്കിയ വിവരം വിദേശകാര്യ മന്ത്രാലയം കോടതിയെ അറിയിച്ചു. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ നിന്നുള്ള സ്ത്രീയുടെ വധശിക്ഷ ഫെബ്രുവരി 15 ന് നടപ്പിലാക്കിയതായും മാര്‍ച്ച് 5 ന് സംസ്‌കരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഫെബ്രുവരി 28 ന് വിദേശകാര്യ മന്ത്രാലയത്തിന് വിവരം ലഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
'എല്ലാം കഴിഞ്ഞു. ഫെബ്രുവരി 15 ന് അവരുടെ വധശിക്ഷ നടപ്പാക്കി. മാര്‍ച്ച് 5 ന് അവരുടെ അന്ത്യകര്‍മങ്ങള്‍ നടക്കും,' അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മ കോടതിയെ അറിയിച്ചു. ജസ്റ്റിസ് സച്ചിന്‍ ദത്ത ഇതിനെ 'വളരെ നിര്‍ഭാഗ്യകരം' എന്ന് വിശേഷിപ്പിച്ചു.
ഫെബ്രുവരി 15 ന് തന്റെ മകള്‍ തന്നോട് ഫോണില്‍ സംസാരിച്ചിരുന്നുവെന്നും, വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ്, മാതാപിതാക്കളുമായി സംസാരിക്കുക എന്നതായിരുന്നു അവളുടെ അവസാന ആഗ്രഹമെന്നും യുവതിയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
ആശുപത്രി പോസ്റ്റ്മോര്‍ട്ടം ശുപാര്‍ശ ചെയ്തിട്ടും, കുഞ്ഞിന്റെ മാതാപിതാക്കള്‍ വിസമ്മതിക്കുകയും കൂടുതല്‍ അന്വേഷണം ഒഴിവാക്കുന്നതിനുള്ള സമ്മതപത്രത്തില്‍ ഒപ്പിടുകയും ചെയ്‌തെന്ന് ഷഹ്സാദിയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്