ഡെറാഡൂണ്‍: ഉത്തരാഘണ്ഡിലെ ബദരീനാഥിന് സമീപം ഹിമപാതത്തില്‍ തകര്‍ന്ന ബിആര്‍ഒ ക്യാമ്പില്‍ നിന്ന് ഇതുവരെ 46 തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്തി. അപകടം മൂലമുള്ള മരണസംഖ്യ അഞ്ചായി ഉയര്‍ന്നു. മരിച്ചവരില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള മൊഹീന്ദ്ര പാല്‍, ജിതേന്ദ്ര സിംഗ്, ഉത്തര്‍പ്രദേശില്‍ നിന്നുള്ള മഞ്ജിത് യാദവ്, ഉത്തരാഖണ്ഡില്‍ നിന്നുള്ള അലോക് യാദവ് എന്നിവരാണ് മരിച്ചത്.
കാണാതായ 4 തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഞായറാഴ്ച രാവിലെ തെളിഞ്ഞ കാലാവസ്ഥയായതോടെ ദൗത്യത്തിന്റെ വേഗം കൂടിയിട്ടുണ്ട്. അഞ്ച് തൊഴിലാളികളെ കാണാതായെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള സുനില്‍ കുമാര്‍ സുരക്ഷിതമായി വീട്ടിലെത്തിയതോടെ കാണാതായ തൊഴിലാളികളുടെ എണ്ണം നാലായി.
ഇന്ത്യന്‍ ആര്‍മി, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി), സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് (എസ്ഡിആര്‍എഫ്), ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ), നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് (എന്‍ഡിആര്‍എഫ്) എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ കാണാതായ തൊഴിലാളികളെ കണ്ടെത്താന്‍ അക്ഷീണം പ്രയത്നിക്കുകയാണ്. ഇരുന്നൂറിലധികം പേര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ സ്‌നിഫര്‍ നായ്ക്കളെയും ചമോലിയിലേക്ക് അയച്ചിട്ടുണ്ട്.
ഹിമപാതത്തില്‍ മഞ്ഞിനടിയിലായ ബിആര്‍ഒ ക്യാമ്പിലെ എട്ട് കണ്ടെയ്‌നര്‍ വീടുകളും കണ്ടെടുത്തു. എന്നാല്‍ കാണാതായ തൊഴിലാളികള്‍ ഇതില്‍ ഉണ്ടായിരുന്നില്ല. വിക്ടിം ലൊക്കേറ്റിംഗ് ക്യാമറകള്‍ (വിഎല്‍സി), തെര്‍മല്‍ ഇമേജിംഗ് ക്യാമറകള്‍, ഗ്രൗണ്ട് പെനിട്രേഷന്‍ റഡാര്‍ തുടങ്ങിയ പ്രത്യേക രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളും ആളുകളെ കണ്ടെത്താന്‍ വിന്യസിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്