നാഗ്പുർ: വിദർഭയ്ക്ക് എതിരായ രഞ്ജി ട്രോഫിയുടെ ഫൈനലിൽ വിജയിച്ച് കിരീടമുയർത്താനായില്ലെങ്കിലും കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്തിയ റണ്ണേഴ്‌സ് അപ്പ് സ്ഥാനവുമായി സച്ചിൻ ബേബിയും സംഘവും മടങ്ങുന്നു.
തിരുകൊച്ചിയിൽ തുടങ്ങി കേരളമായി മാറിയ ടീം ചരിത്രത്തിൽ ആദ്യമായാണ് രഞ്ജി ട്രോഫിയുടെ ഫൈനലിൽ കളിച്ചത്. ഇതിന് മുമ്പ് രണ്ട് തവണ കിരീടമുയർത്തിയ വിദർഭയുടെ മൂന്നാമൂഴത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ സമനില വഴങ്ങിയാണ് കേരളം നാഗ്പുരിലെ ഫൈനലിന്റെ അവസാനദിനത്തിൽ സമനില സമ്മതിച്ചത്.
ടോസ് നഷ്ടപ്പെട്ട വിദർഭ ആദ്യ ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങി 379 റൺസാണ് നേടിയിരുന്നത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് 342ൽ അവസാനിച്ചപ്പോൾതന്നെ മത്സരത്തിന്റെ വിധി സുവ്യക്തമായിരുന്നു. അവസാന ദിനത്തിലെ രണ്ടാം സെഷനിൽ വിദർഭയുടെ രണ്ടാം ഇന്നിംഗ്‌സ് 375/9ൽ എത്തിയപ്പോഴാണ് സമനില സമ്മതിച്ച് കളി അവസാനിപ്പിച്ചത്. അപ്പോൾ ആതിഥേയർ കേരളത്തെക്കാൾ 412 റൺസ് മുന്നിലായിരുന്നു. ഒന്നാം ഇന്നിംഗ്‌സിലെ 37 റൺസ് ലീഡിലാണ് വിദർഭ കിരീടജേതാക്കളായി നിശ്ചയിക്കപ്പെട്ടത്.
നാലാംദിനം രണ്ടാം ഇന്നിംഗ്‌സിൽ 249/4 എന്ന സ്‌കോറിലാണ് വിദർഭ കളി അവസാനിപ്പിച്ചത്. 132 റൺസുമായി കരുൺ നായരും നാലു റൺസുമായി ക്യാപ്ടൻ അക്ഷയ് വാദ്കറും ഇന്നലെ കളിതുടരാനെത്തി. എന്നാൽ 135ൽ എത്തിയപ്പോൾ കരുൺ പുറത്തായി. 295 പന്തുകളിൽ 10 ഫോറുകളും രണ്ട് സിക്‌സുമടിച്ച കരുണിനെ ആദിത്യ സർവാതെയുടെ പന്തിൽ അസറുദ്ദീൻ സ്റ്റംപ് ചെയ്യുകയായിരുന്നു. തുടർന്ന് ഹർഷ് ദുബെ(4)യും അക്ഷയ് വാദ്കറും (25) കൂടി പുറത്തായപ്പോൾ വിദർഭ 283/7 എന്ന നിലയിലായി.
പെട്ടെന്ന് ആൾഔട്ടാക്കിയാൽ അതിവേഗചേസിംഗിലൂടെ ഒരുകൈ നോക്കാമെന്ന പ്രതീക്ഷ അപ്പോഴും കേരളത്തിനുണ്ടായിരുന്നു. എന്നാൽ എട്ടാം വിക്കറ്റിൽ ദർശൻ നൽകണ്ഡേയും (51നോട്ടൗട്ട്) അക്ഷയ് കർനേവാറും (30) ചേർന്ന് 48 റൺസ് കൂട്ടിച്ചേർത്തതോടെ വിദർഭയുടെ ലീഡ് 368ലെത്തി. നചികേത് ഭുട്ടെയുടെ (3) വിക്കറ്റേ പിന്നീട് കേരളത്തിന് നേടാനായുള്ളൂ. പത്താം വിക്കറ്റിൽ ദർശനും യഷ് താക്കൂറും(8*) ചേർന്ന് പുറത്താകാതെ 29 റൺസ് കൂട്ടിച്ചേർത്തപ്പോഴാണ് കളി അവസാനിപ്പിച്ചത്.
രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ച്വറി കൂട്ടുകെട്ടുകൾ സ്വഷ്ടിച്ച കരുൺ നായരും ഡാനിഷ് മലേവറുമാണ്. ആദ്യ ഇന്നിംഗ്‌സിൽ 24/3ൽ നിന്ന് 249/4ലെ ത്തിച്ച ഇരുവരും ചേർന്ന് രണ്ടാം ഇന്നിംഗ്‌സിൽ 7/2ൽ നിന്ന് 189/3ലെത്തിച്ചു. 215 റൺസാണ് കരുണും ഡാനിഷും ചേർന്ന് ആദ്യ ഇന്നിംഗ്‌സിൽ നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഡാനിഷ് 153 റൺസും കരുൺ 86 റൺസും നേടി. 182 റൺസാണ് ഇവർ രണ്ടാം ഇന്നിംഗ്‌സിൽ മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഡാനിഷ് 73 റൺസടിച്ചു. കരുൺ 135 റൺസും.
226 റൺസ് മത്സരത്തിലാകെ നേടിയ ഡാനിഷ് മലേവാറാണ് പ്‌ളേയർ ഒഫ് ദ മാച്ചായത്. കരുൺ മത്സരത്തിലാകെ 218 റൺസാണ് നേടിയത്. 69 വിക്കറ്റുകളും 476 റൺസും സീസണിലാകെ നേടിയ വിദർഭയുടെ ഹർഷ് ദുബെ പ്‌ളേയർ ഓഫ് ദ ടൂർണമെന്റായി.
2017-18 സീസൺ ഫൈനലിൽ ഡൽഹിയെ മറികടന്നായിരുന്നു ആദ്യ കിരീടം. 2018-19 സീസണിൽ സൗരാഷ്ട്രയെ തോൽപ്പിച്ച് കിരീടം നിലനിറുത്തി. കഴിഞ്ഞ സീസൺ ഫൈനലിൽ മുംബയ്‌യോട് തോറ്റിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്