ബോളിവുഡിലെ പുത്തൻ താരോദയമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നടൻ വിവേക് ഒബ്‌റോയിയുടെ കരിയർ തകർത്തത് ഐശ്വര്യ റായുമായുള്ള പ്രണയവും അതിനെത്തുടർന്ന് സൽമാൻ ഖാനുമായി ഉണ്ടായ തർക്കങ്ങളുമായിരുന്നു. ബോളിവുഡ് ഒന്നടങ്കം ബഹിഷ്‌കരിച്ച, അവസരങ്ങൾ നഷ്ടപ്പെട്ട ആ കഠിനമായ കാലഘട്ടത്തിൽ തന്നെ സഹായിക്കാനെത്തിയത് നടൻ അക്ഷയ് കുമാർ ആണെന്ന് വെളിപ്പെടുത്തുകയാണ് വിവേക് ഇപ്പോൾ. മിർച്ചി പ്ലസിന് നൽകിയ അഭിമുഖത്തിലാണ് വിവേക് അക്ഷയ് കുമാറിനോടുള്ള നന്ദി രേഖപ്പെടുത്തിയത്.
"ഒരിക്കൽ അക്ഷയ് കുമാർ എന്നെ ഫോണിൽ വിളിച്ച് എവിടെയുണ്ടെന്ന് ചോദിച്ചു. ഞാൻ വീട്ടിലാണെന്നും വലിയ വിഷമത്തിലാണെന്നും പറഞ്ഞപ്പോൾ അര മണിക്കൂറിനുള്ളിൽ അദ്ദേഹം എന്റെ വീട്ടിലെത്തി. ഞാൻ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, 'നോക്കൂ, ഇതിലൊന്നും എനിക്ക് നേരിട്ട് ഇടപെടാനാവില്ല, പക്ഷേ നിന്റെ ചിന്താഗതി പോസിറ്റീവാക്കി മാറ്റാൻ എനിക്ക് സഹായിക്കാനാകും'. അക്ഷയ് പറഞ്ഞു." വിവേക് ഓർത്തെടുത്തു.
തന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനായി അക്ഷയ് കുമാർ ചെയ്ത വലിയ സഹായത്തെക്കുറിച്ചും വിവേക് തുറന്നുപറഞ്ഞു: "നിലവിൽ നിരവധി സ്റ്റേജ് ഷോകൾ നടക്കുന്നുണ്ടെന്നും എന്നാൽ ഷൂട്ടിങ് തിരക്കുകൾ കാരണം തനിക്ക് അവയിലൊന്നും പങ്കെടുക്കാൻ കഴിയില്ലെന്നും അക്ഷയ് പറഞ്ഞു. 'നീ ആ പരിപാടികൾ ചെയ്യാൻ തുടങ്ങൂ. എനിക്ക് വരുന്ന ഷോകളെല്ലാം ഞാൻ നിനക്ക് കൈമാറാം' എന്ന് അദ്ദേഹം പറഞ്ഞു.
മറ്റൊരാൾക്ക് വേണ്ടി ഇങ്ങനെയൊക്കെ ആര് ചെയ്യും? ആ സഹായത്തോടെ ഞാൻ വീണ്ടും വേദിയിൽ പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി. ആരാധകരെ കാണാനും അവരുടെ പ്രോത്സാഹനം കേൾക്കാനും കഴിഞ്ഞപ്പോൾ എനിക്ക് വലിയ പോസിറ്റീവ് എനർജി ലഭിച്ചു. ഒപ്പം പണവും കിട്ടി. 'ഞാൻ നിനക്കുവേണ്ടി ലോബിക്കെതിരെ പോരാടാം' എന്നൊന്നും അദ്ദേഹം പറഞ്ഞില്ല. പകരം, ലളിതവും പ്രായോഗികവുമായ ഒരു പരിഹാരമാണ് അക്ഷയ് എനിക്ക് നൽകിയത്."
രാംഗോപാൽ വർമ്മയുടെ 'കമ്പനി' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച വിവേക് ഒബ്‌റോയ് റോഡ്, സാഥിയ, മസ്തി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായെങ്കിലും വിവാദങ്ങൾക്ക് പിന്നാലെ സിനിമയോട് വിടപറയേണ്ടി വന്നിരുന്നു. തുടർന്ന് ബിസിനസ്സിലേക്ക് തിരിഞ്ഞ അദ്ദേഹം ഇന്ന് 1200 കോടിയിലേറെ ആസ്തിയുള്ള വലിയൊരു ബിസിനസ്സുകാരനാണ്.
ബിസിനസ്സ് വിജയകരമായതിന് ശേഷം സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ വിവേക് ഒബ്‌റോയ്, മലയാളത്തിൽ മോഹൻലാൽ ചിത്രമായ 'ലൂസിഫർ', പൃഥ്വിരാജിന്റെ 'കടുവ' എന്നീ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും പ്രിയങ്കരനായി മാറി. മസ്തി 4, രുസ്തം തുടങ്ങിയ ചിത്രങ്ങൾക്ക് പുറമെ, ഇന്ത്യൻ സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന റൺബീർ കപൂർ ചിത്രം 'രാമായണ'യിലും വിവേക് ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
