തെലുങ്ക് താരം നാനിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന പ്രതീക്ഷയോടെ എത്തിയ ‘ദ പാരഡൈസ്’ പ്രേക്ഷകരിൽ നിന്ന് മോശം പ്രതികരണം ഏറ്റുവാങ്ങിയതിന് പിന്നാലെ പുതിയ സിനിമകളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെച്ച് താരം. അടുത്തതായി സുജീത് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം ‘ബ്ലഡി റോമിയോ’യിൽ അഭിനയിക്കുന്ന നാനി, അതിന് ശേഷം ലളിതവും മനോഹരവുമായ ഒരു പ്രണയചിത്രം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി.
‘ദ പാരഡൈസ്’ എന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ കുട്ടികൾക്ക് തിയേറ്ററിലെത്തി സിനിമ കാണാൻ കഴിഞ്ഞിരുന്നില്ല. പൊതുപരിപാടികളിൽ തന്നെ കാണുമ്പോൾ ആവേശത്തോടെ അടുത്തേക്ക് ഓടിയെത്തുന്ന കുട്ടികൾക്ക് ആസ്വദിക്കാൻ കഴിയുന്ന സിനിമകൾ ചെയ്യണമെന്ന ചിന്തയാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നും നാനി പറഞ്ഞു. ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം തന്റെ പുതിയ ചിത്രം കുടുംബചിത്രമാണോ പ്രണയകഥയാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും എന്നാൽ എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന സിനിമയായിരിക്കുമെന്നും നാനി പറഞ്ഞു. കുട്ടികൾക്ക് തന്നോട് വലിയ ഇഷ്ടമാണെന്നും എന്നാൽ കഴിഞ്ഞ ചിത്രത്തിന് പ്രായപരിധി ഉണ്ടായിരുന്നതിനാൽ അവർക്ക് അത് കാണാൻ കഴിയാതിരുന്നത് സങ്കടമുണ്ടാക്കിയെന്നും താരം വെളിപ്പെടുത്തി.
‘ബ്ലഡി റോമിയോ’യ്ക്കു ശേഷമെത്തുന്ന ചിത്രം വളരെ മനോഹരവും ലളിതവുമായിരിക്കുമെന്നും നാനി സൂചിപ്പിച്ചു. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ തിയേറ്ററിലിരുന്ന് ആസ്വദിക്കാൻ കഴിയുന്ന സിനിമ ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സുജീത് സംവിധാനം ചെയ്യുന്ന ‘ബ്ലഡി റോമിയോ’ ഒരു ആക്ഷൻ ചിത്രമാണ്. സിനിമയിൽ വയലൻസ് ഉണ്ടെങ്കിലും അത് വ്യത്യസ്തവും സ്റ്റൈലിഷുമായ തിയേറ്റർ അനുഭവം സമ്മാനിക്കുമെന്നാണ് നാനിയുടെ പ്രതീക്ഷ. ചിത്രത്തിന്റെ പ്രൊമോ വീഡിയോയും ഇതേ സൂചനയാണ് നൽകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
