അങ്കമാലി: നെടുമ്പാശേരി എയര്പോര്ട്ട് റോഡില് മൂന്നുപേരുടെ മരണത്തിനിടയാക്കിയ കാറപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില് അങ്കമാലി കോടതി ഇന്ന് വിധി പറയും. കേസില് ഒന്ന് മുതല് നാല് വരെയുള്ള പ്രതികളായ സുഹൈല്, നിനവ്, ജോയല്, അമീന് എന്നിവര് അഭിഭാഷകര് വഴി സമര്പ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞ വെള്ളിയാഴ്ച കോടതി വിശദമായി പരിഗണിച്ചിരുന്നു. വൈകീട്ട് മൂന്ന് മണിക്ക് ആരംഭിച്ച് രാത്രി ആറര വരെ നീണ്ട വാദപ്രതിവാദങ്ങള്ക്കൊടുവിലാണ് കേസ് വിധി പറയാനായി മാറ്റിയത്.
കേസില് ഭാരതീയ ന്യായ സംഹിതയിലെ 105-ാം വകുപ്പ് പ്രകാരം ചുമത്തിയിരിക്കുന്ന കുറ്റകരമായ നരഹത്യ നിലനില്ക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം. ദൃക്സാക്ഷികള് ഇല്ലാതിരുന്നിട്ടും എഫ്.ഐ.ആര് രജിസ്റ്റര് ചെയ്ത ഘട്ടത്തില് തന്നെ ഈ വകുപ്പ് ചേര്ക്കുകയായിരുന്നുവെന്നും, ഒരുകൂട്ടം ആളുകള് ഒരു സ്കൂട്ടറില് സഞ്ചരിച്ചതില് ദുരൂഹതയുണ്ടെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. അപകട സമയത്ത് വാഹനത്തിന്റെ വേഗത എത്രയായിരുന്നു എന്നത് സംബന്ധിച്ച് കൃത്യമായ തെളിവുകള് ഹാജരാക്കാന് പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും, സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജ പ്രചാരണങ്ങള് നടക്കുകയാണെന്നും ഒന്നാം പ്രതിയുടെ അഭിഭാഷകന് വാദിച്ചു.
എന്നാല്, പ്രതികളുടെ വാദങ്ങളെ പ്രോസിക്യൂഷന് ശക്തമായി എതിര്ത്തു. പ്രതികള് അമിതമായി മദ്യപിച്ചിരുന്നതായും, മദ്യപിച്ച് വാഹനമോടിച്ചാല് മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് ബോധപൂര്വ്വം അറിയാവുന്ന പ്രായപൂര്ത്തിയായവരാണ് അവരെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാണിച്ചു. ഒന്നാം പ്രതിയുടെ രക്തത്തില് 161 മില്ലി ഗ്രാമും മൂത്രത്തില് 230 മില്ലി ഗ്രാമും ആല്ക്കഹോളിന്റെ അംശം കണ്ടെത്തിയതായി പരിശോധനാ ഫലം കോടതിയില് സമര്പ്പിച്ചിട്ടുണ്ട്. അന്വേഷണം നിര്ണായക ഘട്ടത്തിലായതിനാല് ഈ സമയം ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. സി.സി.ടി.വി ദൃശ്യങ്ങള് ഉള്പ്പെടെയുള്ള ഡിജിറ്റല് തെളിവുകള് ഉടന് ഹാജരാക്കുമെന്നും പ്രോസിക്യൂട്ടര് കോടതിയെ അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
