യുവേഫ ചാംപ്യൻസ് ലീഗിൽ ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സണലിനും സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡിനും ജയം. ആഴ്‌സണൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്ലാവിയ പ്രാഗിനെ പരാജയപ്പെടുത്തിയപ്പോൾ, ആവേശപ്പോരാട്ടത്തിൽ എ.ഇ.കെ ഏഥൻസിനെ റയൽ മാഡ്രിഡ് തകർത്തത് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ്. മറ്റൊരു മൽസരത്തിൽ ആർബി ലെയ്പ്‌സിഗിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റിയും വിജയവഴിയിൽ തിരിച്ചെത്തി.
ലീഗ് ഘട്ടത്തിലെ നാലാം മൽസരത്തിൽ പ്രാഗിനെ അവരുടെ തട്ടകമായ ഫോർച്യൂണ അരീനയിൽ വച്ചാണ് ഗണ്ണേഴ്‌സ് 2-1 ന് പരാജയപ്പെടുത്തിയത്. ഇതോടെ ചാംപ്യൻസ് ലീഗിൽ തോൽവിയറിയാതെയുള്ള തങ്ങളുടെ കുതിപ്പ് തുടരാൻ ടീമിനായി. നോനി മഡുകെ, വിക്ടർ ഗ്യോകെറസ് എന്നിവർ ആഴ്‌സണലിനായി ലക്ഷ്യം കണ്ടപ്പോൾ, സ്ലാവിയ പ്രാഗിന്റെ ഏക ആശ്വാസ ഗോൾ 90-ാം മിനിറ്റിൽ വിക്ടർ നൊവാക് നേടി.
പ്രീമിയർ ലീഗിലെ തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം ഇറങ്ങിയ മാഞ്ചസ്റ്റർ സിറ്റി 3-2 നാണ് ആർബി ലെയ്പ്‌സിഗിനെ മറികടന്നത്. 37-ാം മിനിറ്റിൽ ലെയ്പ്‌സിഗ് പ്രതിരോധ താരം കാസ്റ്റെല്ലോ ലുകെബയുടെ സെൽഫ് ഗോളിലൂടെ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ റിഡ്‌ലെ ബാക്കുവിലൂടെ ലെയ്പ്‌സിഗ് തിരിച്ചടിച്ചു. പിന്നീട് എൻസോ ഫെർണാണ്ടസിന്റെ ഹെഡ്ഡറിലൂടെ സിറ്റി വീണ്ടും ലീഡെടുത്തു. 61-ാം മിനിറ്റിൽ അന്റോണിയോ നൂസയിലൂടെ ലെയ്പ്‌സിഗ് വീണ്ടും സമനില പിടിച്ചെങ്കിലും, 78-ാം മിനിറ്റിൽ സൂപ്പർ താരം എർലിങ് ഹാലന്റ് സിറ്റിയുടെ വിജയഗോൾ സ്വന്തമാക്കി.
ആവേശകരമായ മൽസരത്തിൽ ഇഞ്ചുറി ടൈമിൽ ഫെഡറിക്കോ വാൽവെർഡെ നേടിയ തകർപ്പൻ ഗോളിലാണ് എ.ഇ.കെ ഏഥൻസിനെ റയൽ മാഡ്രിഡ് 3-2 ന് തോൽപ്പിച്ചത്. മൽസരത്തിൽ രണ്ടുതവണ പിന്നിലായ ശേഷമായിരുന്നു റയലിന്റെ ഈ അവിശ്വസനീയ തിരിച്ചുവരവ്. എ.ഇ.കെ ഏഥൻസിനായി അബൂബക്കറി കൊയ്റ്റ, സ്റ്റാവ്രോസ് പിലിയോസ് എന്നിവർ ഗോളുകൾ നേടി.
റയലിനായി ജൂഡ് ബെല്ലിങ്ഹാമും കിലിയൻ എംബാപ്പെയും ലക്ഷ്യം കണ്ടു. മൽസരം സമനിലയിലേക്ക് നീങ്ങവെ 92-ാം മിനിറ്റിൽ ബോക്‌സിന് പുറത്തുനിന്ന് വാൽവെർഡെ ഉതിർത്ത ഒരു ലോങ് റേഞ്ചർ ഏഥൻസ് ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി വലയിൽ പതിക്കുകയായിരുന്നു. ഈ വിജയത്തോടെ റയൽ മാഡ്രിഡ് കളിച്ച നാല് മൽസരങ്ങളും ജയിച്ച് 12 പോയിന്റുമായി നിലവിലെ ചാംപ്യൻന്മാരായ പി.എസ്.ജിക്കൊപ്പം ഒന്നാം സ്ഥാനത്ത് തുടരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
