വിജയ് സേതുപതിയെ നായകനാക്കി ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന ‘പോക്കറ്റ് നോവൽ’ വീണ്ടും സിനിമാലോകത്ത് ചർച്ചയാകുന്നു. ചിത്രത്തിന്റെ സംഗീതസംവിധാനത്തിൽ മാറ്റമുണ്ടായേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇളയരാജയ്ക്ക് പകരം ജി.വി. പ്രകാശ് കുമാർ സംഗീതമൊരുക്കുമെന്നാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
‘ആരണ്യകാണ്ഡം’, ‘സൂപ്പർ ഡീലക്സ്’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്കുശേഷം കുമാരരാജ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ‘സൂപ്പർ ഡീലക്സ്’ പുറത്തിറങ്ങി വർഷങ്ങൾക്കുശേഷം സംവിധായകൻ ഒരുക്കുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ ‘പോക്കറ്റ് നോവൽ’ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെ പൂർത്തിയായി. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
കുമാരരാജയുടെ ‘മോഡേൺ ലവ് ചെന്നൈ’ എന്ന ആന്തോളജി പരമ്പരയ്ക്ക് ഇളയരാജയായിരുന്നു സംഗീതം നൽകിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചിത്രത്തിലും അദ്ദേഹം സംഗീതസംവിധാനം നിർവഹിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നത്. എന്നാൽ അദ്ദേഹം ചിത്രത്തിൽനിന്ന് പിന്മാറിയെന്നും പകരം ജി.വി. പ്രകാശ് എത്തുമെന്നുമാണ് ഇപ്പോൾ പ്രചരിക്കുന്ന വിവരം.
വിജയ് സേതുപതിക്കൊപ്പം കന്നഡ താരം രാജ് ബി. ഷെട്ടി, മാളവിക മോഹനൻ, കിഷോർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ‘വദന്തി’ വെബ് സീരീസിന്റെ സ്രഷ്ടാവായ ആൻഡ്രൂ ലൂയിസാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.
നീരവ് ഷാ ഛായാഗ്രഹണവും സത്യരാജ് നടരാജൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. വി. ഷണ്മുഖരാജയാണ് കലാസംവിധാനം. ദിലീപ് സുബ്ബരായനാണ് സംഘട്ടനസംവിധായകൻ.
ടൈലർ ഡർഡൻ, കിനോ ഫിസ്റ്റ് എന്നീ ബാനറുകളിൽ ത്യാഗരാജൻ കുമാരരാജയും എസ്. എഴിൽമതിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. റിലീസ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
