കണ്ണൂർ: ജാതി, മതം, വർഗീയത എന്നിവയ്ക്കൊപ്പം രാഷ്ട്രീയബോധവും വേണ്ടെന്ന തരത്തിൽ കോളേജ് പ്രിൻസിപ്പൽ നടത്തിയ പരാമർശത്തോട് വിയോജിപ്പ് തുറന്നുപറഞ്ഞ് നടി നിഖില വിമൽ. മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. രാഷ്ട്രീയബോധം എല്ലാവർക്കും ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ നടിയുടെ വാക്കുകൾക്ക് വിദ്യാർഥികളിൽനിന്ന് വലിയ കൈയടിയാണ് ലഭിച്ചത്.
പ്രിൻസിപ്പൽ പറഞ്ഞ കാര്യങ്ങളിൽ ചിലത് ശരിയാണെന്ന് അംഗീകരിച്ചുകൊണ്ടാണ് നിഖില തന്റെ നിലപാട് വ്യക്തമാക്കിയത്. ജാതിയും മതവും വർഗീയതയും ഒരാളിൽ ഉണ്ടാകരുതെന്ന വാദത്തോട് യോജിക്കുന്നുവെന്നും എന്നാൽ രാഷ്ട്രീയബോധം എല്ലാവർക്കും ആവശ്യമാണെന്നും താരം പറഞ്ഞു. കക്ഷിരാഷ്ട്രീയത്തെക്കുറിച്ചല്ല താൻ സംസാരിക്കുന്നതെന്നും അവർ വ്യക്തമാക്കി.
എന്ത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം, എന്ത് സംസാരിക്കണം, എങ്ങനെ പ്രവർത്തിക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം രാഷ്ട്രീയമുണ്ടെന്നാണ് തന്റെ വിശ്വാസമെന്ന് നിഖില പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ വ്യക്തമായ രാഷ്ട്രീയബോധം ഓരോരുത്തർക്കും ഉണ്ടായിരിക്കണമെന്ന സന്ദേശവും അവർ വിദ്യാർഥികളോട് പങ്കുവച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ‘തിരുത്തേണ്ടത് ആരെയായാലും ഞങ്ങൾ തിരുത്തും സാർ… നിഖില വിമൽ’ എന്ന തലക്കെട്ടോടെ പഴശ്ശിരാജ കോളേജ് യൂണിയനാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. നിലപാടുകൾ തുറന്നുപറയുന്ന നിഖിലയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
