കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില് (ആര്.ഐ.ടി) കോളജ് യൂണിയന് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്ന്നുണ്ടായ രാഷ്ട്രീയ സംഘര്ഷം മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. വൈകുന്നേരം അഞ്ച് മണിയോടെ ആരംഭിച്ച അക്രമ സംഭവങ്ങള് രാത്രി പത്തരയോടെയാണ് പോലീസിന്റെ ഇടപെടലിലൂടെ പൂര്ണ്ണമായും നിയന്ത്രണവിധേയമായത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രകടനത്തിനായി എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്ത്തകര് കോളജിന് പുറത്തിറങ്ങിയപ്പോഴാണ് ഇരുവിഭാഗങ്ങളും തമ്മില് ഏറ്റുമുട്ടലുണ്ടായത്. അക്രമത്തില് അമല് ഷാദിന്, ജമ്മു സ്വദേശിയായ ലക്ഷ് മഹാജന് എന്നീ വിദ്യാര്ത്ഥികള്ക്ക് പരിക്കേറ്റു. ഇതില് അമല് ഷാദിന്റെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര് അറിയിച്ചു. പരിക്കേറ്റവരെ ഉടന് തന്നെ പാമ്പാടി താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്കി.
സംഭവമറിഞ്ഞ് സി.പി.എം, കോണ്ഗ്രസ് പ്രാദേശിക നേതാക്കളും പ്രവര്ത്തകരും കോളജിന് മുന്നില് തടിച്ചുകൂടിയത് സ്ഥിതി കൂടുതല് വഷളാക്കി. ഇരുവിഭാഗവും ചേരിതിരിഞ്ഞ് ശക്തമായ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തിയതോടെ ക്യാമ്പസ് യുദ്ധക്കളമായി മാറി. തുടര്ന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി റിജോ പി. ജേക്കബിന്റെ നേതൃത്വത്തില് വിവിധ സ്റ്റേഷനുകളില് നിന്നുള്ള വന് പോലീസ് സംഘവും എ.ആര് ക്യാമ്പും സ്ഥലത്തെത്തി ഇരുവിഭാഗം നേതാക്കളുമായി ചര്ച്ചകള് നടത്തുകയും ലാത്തി വീശി സ്ഥിതി ശാന്തമാക്കാന് ശ്രമിക്കുകയും ചെയ്തു. പാമ്പാടി, കോട്ടയം ഈസ്റ്റ്, കറുകച്ചാല്, ഗാന്ധിനഗര്, മണിമല, പൊന്കുന്നം, അയര്ക്കുന്നം, മണര്കാട് തുടങ്ങിയ സ്റ്റേഷനുകളില് നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര് ക്യാമ്പസ് വളപ്പില് ക്യാമ്പ് ചെയ്താണ് അഞ്ച് മണിക്കൂര് നീണ്ടുനിന്ന സംഘര്ഷത്തിന് അന്ത്യം കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
