നിർമ്മിത ബുദ്ധിയുടെ കാലത്ത് സിനിമ താരങ്ങൾക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളെക്കുറിച്ചും എ.ഐയുടെ കടുത്ത ദുരുപയോഗത്തെക്കുറിച്ചും തുറന്നുപറഞ്ഞ് പ്രമുഖ നടി ശ്രിയ ശരൺ. ജാൻവി കപൂറിന്റെ 'ദേവര' ചിത്രത്തിലെ 'ചുട്ടമല്ലേ' പാട്ടിന്റെ വിഡിയോ എ.ഐ ഉപയോഗിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കി ശ്രിയ രംഗത്തെത്തിയത്.
ഇത്തരം എ.ഐ അതിക്രമങ്ങൾ കൂടുതലായി ഇരയാക്കുന്നത് സ്ത്രീകളെയാണെന്നും, അവരുടെ ശരീരഭാഗങ്ങൾ വെച്ച് സോഷ്യൽ മീഡിയയിൽ അശ്ലീലമായ ചർച്ചകൾ ഉണ്ടാക്കുന്നത് പതിവാണെന്നും ശ്രിയ കുറ്റപ്പെടുത്തി.
"ചിലപ്പോൾ ആ വീഡിയോകളിൽ കാണുന്നത് ഞാനാണോ എന്ന് പോലും എനിക്ക് തിരിച്ചറിയാൻ കഴിയില്ല. ശരീരത്തിന്റെ അളവുകൾ മാറ്റിവെക്കുക, വസ്ത്രങ്ങൾ ഡിജിറ്റലായി മാറ്റുക തുടങ്ങിയ പ്രവൃത്തികളാണ് നടക്കുന്നത്. ഇതെല്ലാം അരോചകവും തെറ്റുമാണ്. എ.ഐ സാങ്കേതികവിദ്യയ്ക്ക് വളരെയധികം ഗുണങ്ങളുണ്ടെങ്കിലും, അത് മനുഷ്യർക്ക് അപകടകരമായ അവസ്ഥയും സൃഷ്ടിക്കുന്നുണ്ട്," ശ്രിയ പറഞ്ഞു.
2001-ൽ 'ഇഷ്ടം' എന്ന സിനിമയിലൂടെ കരിയർ ആരംഭിച്ച താൻ സിനിമ ഇൻഡസ്ട്രിയിൽ വന്ന കാലത്തെയും ഇന്നത്തെയും മാറ്റങ്ങളെക്കുറിച്ചും താരം സംസാരിച്ചു. അന്നൊക്കെ വാനിറ്റി വാനുകൾ ഇല്ലാതിരുന്ന കാലത്ത് മരച്ചുവട്ടിലിരുന്ന് ഭക്ഷണം കഴിച്ചതും ഒരുമിച്ച് പാട്ടുകൾ കേട്ടതുമായ നല്ല ഓർമ്മകൾ ശ്രിയ പങ്കുവെച്ചു. എന്നാൽ ഇന്ന് ആ സൗഹൃദങ്ങളെല്ലാം നഷ്ടപ്പെട്ടെന്നും എല്ലാവരും ഇയർഫോണുകളിലേക്ക് ഒതുങ്ങിയെന്നും അവർ പറഞ്ഞു.
ഇതുകൂടാതെ, സിനിമയുടെ പിന്നണിയിൽ ഇന്ന് കൂടുതൽ സ്ത്രീകൾ കടന്നുവരുന്നുണ്ടെന്നത് വലിയൊരു മാറ്റമാണെന്നും ശ്രിയ ചൂണ്ടിക്കാണിച്ചു. കഥ തിരഞ്ഞെടുക്കുന്നതിലും പണം മുടക്കുന്നതിലും സ്ത്രീകൾ മുൻകൈയെടുക്കുന്നത് സിനിമാമേഖലയിൽ വലിയൊരു മാറ്റത്തിന്റെ തുടക്കമാണെന്നും താരം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
