കോഴിക്കോട്: കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്ന് ഒരേ ദിവസം അഞ്ച് പാമ്പുകളെ പിടികൂടി. കാപ്പുമ്മൽ രമേശിന്റെ വീട്ടിൽ നിന്നാണ് പാമ്പുകളെ കണ്ടെത്തിയത്. കുട്ടികൾ കിടക്കുന്ന വിരിപ്പിന് സമീപത്തുനിന്നാണ് ഇത്രയും പാമ്പുകളെ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
ഇതിനിടെ പേരാമ്പ്രയിൽ യുവതിക്ക് പാമ്പുകടിയേറ്റു. കണ്ണിപ്പൊയിലിലെ അഞ്ജലിയാണ് കടിയേറ്റത്. യുവതി അപകടനില തരണം ചെയ്തതായി വീട്ടുകാർ അറിയിച്ചു. വീടിന്റെ ബാത്ത്‌റൂമിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.
കോഴിക്കോട് പൂനൂരിലും പാമ്പുകടി റിപ്പോർട്ട് ചെയ്തു. പൂനൂർ സ്വദേശിയായ 22കാരനായ മുഹമ്മദ് അൻസാറിനാണ് ഇന്ന് പുലർച്ചെ കടിയേറ്റത്. കിടക്കയിൽ പാമ്പിനെ കണ്ടതോടെ ശരീരം പരിശോധിച്ചപ്പോഴാണ് കടിയേറ്റതായി തിരിച്ചറിഞ്ഞത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക ഗുരുതരാവസ്ഥയിലാണ്. കാവുങ്കൽ സ്വദേശിയായ നമ്പ്രോൺ നാരായണി ചികിത്സയിൽ തുടരുകയാണ്. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് നിഗമനം.
അതേസമയം പട്ടുവത്ത് തന്നെ ഇന്നലെ മറ്റൊരു വയോധിക പാമ്പുകടിയേറ്റ് മരിച്ചു. മുതുകുട സ്വദേശിയായ നഫീസയാണ് മരിച്ചത്. വീട്ടിൽ നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെത്താനായില്ലെങ്കിലും വീട്ടിനകത്ത് നിരവധി മാളങ്ങൾ ഉള്ളതായി കണ്ടെത്തി. നഫീസയെയും ശംഖുവരയൻ കടിച്ചതായാണ് സംശയം.
ഇടുക്കി തൊടുപുഴയിൽ പുരയിടം വൃത്തിയാക്കുന്നതിനിടെ വയോധിക പാമ്പുകടിയേറ്റ് മരിച്ചു. കാഞ്ഞാർ താനിക്കപ്പാറയിലെ വിശാലാക്ഷി (86) ആണ് മരിച്ചത്. കടിയേറ്റ ഉടൻ സമീപവീട്ടിൽ വിവരം അറിയിച്ചെങ്കിലും പിന്നാലെ കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
