കോട്ടയം: ആരോഗ്യമന്ത്രി വീണ ജോര്‍ജ് ചെയര്‍മാനായ സഹകരണ സംഘത്തില്‍ വ്യാപക അട്ടമറി. സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യം മെച്ചപ്പെടുത്താന്‍ രൂപവത്കരിച്ച കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി (കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്.)യിലാണ് ക്രമക്കേട്. സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതിന് രേഖകള്‍ ഇല്ലാത്തതിനാലും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അവ ഹാജരാക്കാത്തതിനാലും 4.42 കോടി രൂപയുടെ വിനിയോഗം സംസ്ഥാന ഓഡിറ്റ് വകുപ്പ് തടസപ്പെടുത്തി.
ടെന്‍ഡറോ ക്വട്ടേഷനോ ധനവകുപ്പിന്റെ അനുമതിയോ ഇല്ലാതെ സാധനങ്ങള്‍ വാങ്ങുന്നത്. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ ശേഷം കരാര്‍ തയ്യാറാക്കുക, ഉയര്‍ന്ന തുക ക്വാട്ട് ചെയ്ത സ്ഥാപനത്തില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുക തുടങ്ങിയ ഗുരുതര വിഷയങ്ങളാണ് സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. പേ-വാര്‍ഡുകളിലും ലാബുകളിലും സൗകര്യമൊരുക്കുന്നതിന് 2022-'23, 2023-'24 വര്‍ഷം 40.23 ലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങിയിരുന്നു. ഇതിന്റെ രേഖകള്‍ ഇല്ല.
കരാറിലുള്ള എക്‌സിജന്റ് ജീവനക്കാര്‍ക്ക് രണ്ടുവര്‍ഷം ശമ്പളം നല്‍കിയതിന് 58.3 ലക്ഷം രൂപ ചെലവഴിച്ചതായി ചെക്ക് ഇഷ്യൂ രജിസ്റ്ററിലുണ്ട്. എന്നാല്‍, ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളോ കരാറിന്റെ വിശദാംശമോ ജോലിചെയ്യുന്ന യൂണിറ്റുകളുടെ വിവരങ്ങളോ ഓഡിറ്റിന് കൈമാറിയിട്ടില്ല. മാത്രമല്ല സൊസൈറ്റിയുടെ സേവനങ്ങളെപ്പറ്റിയുള്ള പരസ്യങ്ങള്‍ കൊടുക്കുന്നത് തമിഴ്‌നാട്ടിലെ ദിനപത്രങ്ങളിലാണ്. സംസ്ഥാനത്തിന് പുറത്ത് പരസ്യം നല്‍കുന്നതിന്റെ ഗുണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ല.
ലാബിലേക്കും ആശുപത്രികളിലേക്കും വിവിധ സ്ഥാപനങ്ങളില്‍നിന്ന് മൂന്നുകോടി രൂപ മുടക്കി വാങ്ങിയ സാധനങ്ങള്‍ക്ക് ടെന്‍ഡര്‍ വിളിച്ചതിന് രേഖയില്ല. ഇവ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കത്തുനല്‍കിയെങ്കിലും സൊസൈറ്റി അവഗണിക്കുകയായിരുന്നു. ടെന്‍ഡറില്ലാതെ വാങ്ങിയവയില്‍ 90,100 രൂപയുടെ ഫ്രിഡ്ജ്, സ്‌കാന്‍ യൂണിറ്റിലേക്ക് 1.23 ലക്ഷം രൂപയുടെ ഫിലിം കാരിബാഗ്, 1.50 ലക്ഷം രൂപയുടെ ഇരുമ്പുബെഞ്ചുകള്‍, 1.93 ലക്ഷം രൂപയുടെ ലാബ് സോഫ്റ്റ്വേര്‍ ഇന്‍സ്റ്റലേഷന്‍ തുടങ്ങിയവയുമുണ്ട്. ഇവയുടെ ഫയലുകള്‍ പരിശോധനയ്ക്ക് കൈമാറാന്‍ സൊസൈറ്റി തയ്യാറായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
