ന്യൂഡൽഹി: ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസിൽ ഇന്ത്യയുടെ മലയാളിതാരം ട്രീസ ജോളി ഗായത്രി -ഗോപി ചന്ദ് സഖ്യം സെമി ഫൈനലിൽ പൊരുതി വീണു. ലോക ഒന്നാം നമ്പർ ജോഡിയായ ചൈനയുടെ ലിയു ഷെങ് ഷു - ടാൻ നിങ് സഖ്യത്തോടാണ് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്. സ്‌കോർ: 18-21, 21-13, 21-8. ഒരുമണിക്കൂർ 11 മിനിട്ട് നീണ്ട പോരാട്ടത്തിൽ ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു അടുത്ത രണ്ട് ഗെയിമുകളും കൈവിട്ട് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്.
മത്സരത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ ജോഡി മികച്ച ഫോമിലായിരുന്നു. ലോക ഒന്നാം നമ്പറായ ചൈനീസ് സഖ്യത്തിന്റെ അതിവേഗ സ്മാഷുകളെ മികച്ച ഡിഫൻസിലൂടെ ട്രീസയും ഗായത്രിയും പ്രതിരോധിച്ചു. ഒരു ഘട്ടത്തിൽ 8-10 ന് പിന്നിലായിരുന്ന ഇന്ത്യൻ സഖ്യം തുടർച്ചയായി 3 പോയിന്റുകൾ നേടി 11-10 ന് ഇന്റർവെല്ലിലേക്ക് ലീഡ് എടുത്തു. തുടർന്നും കോർട്ടിൽ മികച്ച പൊസിഷൻ റൊട്ടേഷനും ട്രീസയുടെ നെറ്റ് ഗെയിമുകളും വഴി ആദ്യ ഗെയിം 21-18 ന് ഇന്ത്യ സ്വന്തമാക്കി.
രണ്ടാം ഗെയിമിന്റെ ആദ്യ പകുതിയിലും കടുത്ത പോരാട്ടമായിരുന്നു. ഇന്റർവെൽ സമയത്ത് ചൈനീസ് സഖ്യം 11-10 എന്ന നേരിയ ലീഡ് നിലനിർത്തി. എന്നാൽ ബ്രേക്കിന് ശേഷം നിലവിലെ ചാമ്പ്യന്മാരായ ചൈനീസ് ജോഡി മത്സരത്തിന്റെ വേഗത വർദ്ധിപ്പിച്ചു. അവരുടെ ശക്തമായ സ്മാഷുകൾക്ക് മുന്നിൽ ഇന്ത്യൻ താരങ്ങൾക്ക് താളം നഷ്ടപ്പെടുകയും പിഴവുകൾ കൂടുകയും ചെയ്തു. ഇതോടെ ചൈന 21-13 ന് രണ്ടാം ഗെയിം നേടി ഒപ്പമെത്തി.
നിർണായകമായ മൂന്നാം ഗെയിമിൽ ചൈനീസ് സഖ്യം പൂർണ നിയന്ത്രണം ഏറ്റെടുത്തു. ലിയു - ടാൻ സഖ്യം ആക്രമണ ശൈലി കടുപ്പിച്ചപ്പോൾ ഇന്ത്യൻ ജോഡി കടുത്ത സമ്മർദ്ദത്തിലായി. തുടക്കത്തിൽ തന്നെ 11-5 എന്ന വൻലീഡ് ചൈന നേടി. വലിയ റാലികളിൽ കാണിച്ച ക്ഷമയും കൃത്യതയും ചൈനീസ് സഖ്യത്തിന് തുണയായപ്പോൾ 21-8 എന്ന സ്‌കോറിന് ഗെയിമും മത്സരവും സ്വന്തമാക്കി അവർ ഫൈനലിലേക്ക് ടിക്കറ്റെടുത്തു.
സെമിയിൽ തോറ്റെങ്കിലും ഇന്ത്യൻ ജോഡിക്ക് വെങ്കലമെഡൽ ലഭിക്കും. കണങ്കാലിനേറ്റ പരിക്കിൽ നിന്നും പൂർണ്ണമായി മുക്തയായി കോർട്ടിൽ തിരിച്ചെത്തിയ ട്രീസ ജോളിയും പങ്കാളി ഗായത്രിയും മികച്ച പോരാട്ടവീര്യമാണ് ഈ ടൂർണമെന്റിലുടനീളം കാഴ്ചവെച്ചത്.
2011ൽ ജ്വാല ഗുട്ട - അശ്വിനി പൊന്നപ്പ സഖ്യം വെങ്കലം നേടിയതിന് ശേഷം ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ് വനിതാ ഡബിൾസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ സഖ്യമായി ട്രീസയും ഗായത്രിയും മാറി.
ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതാ താരമെന്ന റെക്കാഡ് ട്രീസ ജോളി സ്വന്തമാക്കി. (നേരത്തെ പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്. എസ്. പ്രണോയ് വെങ്കലം നേടിയിട്ടുണ്ട്).
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
