ഫിലാഡൽഫിയ യൂണിയനെതിരായ മത്സരത്തിനിടെ എതിരാളിയുടെ കഴുത്തിൽ കൈവച്ച ലയണൽ മെസിക്കെതിരെ നടപടിയുമായി മേജർ ലീഗ് സോക്കർ. മെസിക്ക് തുക വെളിപ്പെടുത്താത്ത പിഴയാണ് ലീഗ് അച്ചടക്ക സമിതി ചുമത്തിയത്. ബുധനാഴ്ച നടന്ന ഇന്റർ മയാമി ഫിലാഡൽഫിയ മത്സരം 2-2ന് സമനിലയിൽ അവസാനിച്ചിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിനിടെയാണ് മെസിയും ഫിലാഡൽഫിയ താരമായ ക്വിൻ സള്ളിവനും തമ്മിൽ വാക്കേറ്റമുണ്ടായത്. പന്ത് മറ്റൊരു ഭാഗത്ത് കളിച്ചുകൊണ്ടിരിക്കെ മധ്യവൃത്തത്തിന് സമീപം എത്തിയ മെസി സള്ളിവനെ നേരിടുകയായിരുന്നു.
ഹ്രസ്വമായ വാക്കുതർക്കത്തിന് പിന്നാലെ മെസി സള്ളിവന്റെ കഴുത്തിന്റെ പിൻഭാഗത്ത് കൈകൊണ്ട് അടിക്കുന്ന രീതിയിൽ പ്രതികരിച്ചു. തുടർന്ന് സള്ളിവനും മെസിയെ നേരിട്ട് അഭിമുഖീകരിച്ചു. സംഭവസമയത്ത് റഫറി ഫിലിപ് ദുജിച്ച് ഇരുവർക്കും പുറംതിരിഞ്ഞുനിന്നതിനാൽ സംഭവം ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് എത്തിയ റഫറി താരങ്ങളെ വേർപെടുത്തുകയായിരുന്നു. എതിരാളിയുടെ മുഖം, തല, കഴുത്ത് എന്നിവിടങ്ങളിൽ കൈ പ്രയോഗിക്കുന്നത് സംബന്ധിച്ച ലീഗ് നയം ലംഘിച്ചതിനാണ് മെസിക്കെതിരെ നടപടി സ്വീകരിച്ചതെന്ന് MLS അച്ചടക്ക സമിതി അറിയിച്ചു.
ഇന്റർ മയാമി താരം ഇയാൻ ഫ്രേയ്ക്കും സമാനമായ നിയമലംഘനത്തിന് തുക വെളിപ്പെടുത്താത്ത പിഴ ചുമത്തി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നടന്ന മറ്റൊരു സംഘർഷത്തിൽ ഫിലാഡൽഫിയ താരമായ കാവൻ സള്ളിവനും മയാമിയുടെ ഇറ്റാലിയൻ മിഡ്ഫീൽഡർ യാനിക് ബ്രൈറ്റും ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു. കാവൻ സള്ളിവൻ, മെസിയുമായി ഏറ്റുമുട്ടിയ ക്വിൻ സള്ളിവന്റെ ഇളയ സഹോദരനും സഹതാരവുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
