ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസൺ നാളെ അർദ്ധരാത്രി മുതൽ 

AUGUST 21, 2026, 9:19 AM

ആദ്യ മത്സരത്തിൽ ആഴ്‌സനൽ കൊവൻട്രി സിറ്റിയെ നേരിടുന്നു

ലണ്ടൻ: ഇംഗ്‌ളീഷ് പ്രിമിയർ ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണിന് തുടക്കമാവുകയാണ്. ഇന്ത്യൻ സമയം ശനിയാഴ്ച വെളുപ്പിന് 12.30ന് നടക്കുന്ന സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആഴ്‌സനൽ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തിയ കൊവൻട്രി സിറ്റിയെ നേരിടും. മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഹൾസിറ്റിയെ നേരിടും. മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഞായറാഴ്ചയാണ് ആദ്യ മത്സരങ്ങൾക്കിറങ്ങുന്നത്.

22 വർഷത്തിന് ശേഷം നേടിയെടുത്ത പ്രിമിയർ ലീഗ് കിരീടം നിലനിർത്താനുള്ള ആത്മവിശ്വാസത്തിലാണ് ആഴ്‌സനൽ ഇറങ്ങുന്നത്. ഇത്തവണ മുൻനിര ടീമുകളിൽ പരിശീലകനെ മാറ്റാത്ത ടീമും ആഴ്‌സനലാണ്. 2019 മുതൽ ക്‌ളബിന്റെ ഹെഡ് കോച്ചായ മൈക്കേൽ ആർട്ടേറ്റ തുടരുകയാണ്. കഴിഞ്ഞ സീസണിലെ മികച്ച പരിശീലകനുള്ള പുരസ്‌കാരവും അർട്ടേറ്റയ്ക്കായിരുന്നു. ന്യൂകാസിൽ ക്യാപ്ടനായിരുന്ന ബ്രസീലിയൻ മിഡ്ഫീൽഡർ ബ്രൂണോ ഗിമറായിസിനെയും ഗ്രീക്ക് താരം ക്രിസ്റ്റോസ് സോളിസിനെയും ആഴ്‌സണൽ ഇത്തവണ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ടീമിലുണ്ടായിരുന്ന പിയറോ ഹിൻകാപിയെയുടെ കരാറും സ്ഥിരമാക്കി. ട്രൊസാർഡിനൊപ്പം ജാക്കൂബ് കിവിയോറും ക്രിസ്റ്റ്യൻ നോർഗാർഡും ക്ലബ് വിട്ടു.

vachakam
vachakam
vachakam

ഇത്തവണ പ്രീമിയർ ലീഗിന് മുന്നോടിയായി നടന്ന കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ 3-0ന് തകർത്ത് നേടി ആഴ്‌സനൽ കരുത്തറിയിച്ചു കഴിഞ്ഞു. അതേസമയം വില്യം സാലിബ, ടിംബെർ എന്നിവരുടെ ഫിറ്റ്‌നസ് സീസണിൽ ആഴ്‌സണലിന് പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം. ലോകകപ്പിനു ശേഷം വൈകി ടീമിനൊപ്പം ചേർന്ന ബുകായോ സാക്ക, ഡെക്ലാൻ റൈസ് എന്നിവരുടെ മാച്ച് ഫിറ്റ്‌നസും അർട്ടേറ്റയ്ക്ക് കണക്കിലെടുക്കേണ്ടി വരും.

ലീഗിലെ ഈ സീസണിലെ ഏറ്റവും വലിയ മാറ്റം മാഞ്ചസ്റ്റർ സിറ്റിയിലാണ്. ഒരു പതിറ്റാണ്ടിന് ശേഷം പെപ് ഗ്വാർഡിയോള സിറ്റിയിൽ നിന്ന് പടിയിറങ്ങിയിരിക്കുന്നു. എൻസോ മരെസ്‌കയാണ് പുതിയ പരിശീലകൻ. ഗ്വാർഡിയോളയുടെ അസിസ്റ്റന്റായി സിറ്റിയിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് മരെസ്‌ക. മിഡ്ഫീൽഡിലെ പ്രധാനി റോഡ്രി ബാഴ്‌സലോണയിലേക്ക് പോയതാണ് സിറ്റിയിലെ മറ്റൊരു പ്രധാന മാറ്റം. നോട്ടിംഗ്ഹാം ഫോറസ്റ്റിൽ നിന്ന് ഇംഗ്ലീഷ് മിഡ്ഫീൽഡർ ഏലിയറ്റ് ആൻഡേഴ്‌സണും ലെസ്റ്റർ സിറ്റിയിൽ നിന്ന് 17കാരൻ വിങ്ങർ ജെറെമി മോംഗയും ഇത്തവണ സിറ്റിയിലെത്തിയിട്ടുണ്ട്. ബെർണാർഡോ സിൽവ, ജോൺ സ്‌റ്റോൺസ്, നഥാൻ അകെ തുടങ്ങിയവർ ഇത്തവണ ക്ലബ്ബിനൊപ്പമില്ല.

ലിവർപൂളിൽ ഇത്തവണ വമ്പൻതാരങ്ങളായ മുഹമ്മദ് സലാ, ആൻഡി റോബർട്‌സൺ, ഇബ്രാഹിമ കൊനാട്ടെ എന്നിവർ ഉണ്ടാവില്ല. കോച്ച് ആർനെ സ്ലോട്ടിന് പകരക്കാരനായി ബേൺമൗത്തിൽ നിന്ന് ആൻഡോണി ഇറയോളയെത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

റയൽ മാഡ്രിഡിന്റെ മുൻ പരിശീലകൻ സാബി അലോൺസോയെ എത്തിച്ചാണ് ചെൽസി പുതിയ സീസണിന് ഒരുങ്ങുന്നത്. ബുണ്ടസ്‌ലിഗയിൽ ബയേർ ലെവർകുസനെ അവരുടെ ചരിത്രത്തിലെ ആദ്യ ലീഗ് കിരീടത്തിലേക്ക് നയിച്ച കോച്ചാണ് സാബി. പലെസ്ട്ര, ജെയിംസ്, ക്വെൻഡ, ബാർകോ തുടങ്ങിയ വിംഗ് ബായ്ക്കുകളെ ഇക്കുറി ചെൽസി സ്വന്തമാക്കിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam