ബയേൺ മ്യൂണിക്കിന്റെ യുവതാരം ജമാൽ മുസിയാല സൗഹൃദ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണു. ആർബി ലെയ്പ്‌സിഗിനെതിരായ മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിൽ ഗോൾ നേടി മിനിറ്റുകൾക്കകമാണ് ഈ അപ്രതീക്ഷിത സംഭവമുണ്ടായത്. എന്നാൽ താരം നിലവിൽ സുരക്ഷിതനാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ബയേൺ മ്യൂണിക്ക് മാനേജ്‌മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഇരുപത്തിമൂന്നുകാരനായ മുസിയാല, 81-ാം മിനിറ്റിൽ ടീമിനായി വലകുലുക്കിയിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് താരം ഗ്രൗണ്ടിൽ കുഴഞ്ഞുവീണത്. മത്സരശേഷം ബയേൺ സ്‌പോർട്ടിങ് ഡയറക്ടർ മാക്‌സ് എബർൽ മാധ്യമങ്ങളോട് സംസാരിക്കവെ ആശങ്കകൾ തള്ളിക്കളഞ്ഞു. 'ഏറ്റവും പ്രധാനം അവൻ സുഖമായിരിക്കുന്നു എന്നതാണ്. നിലവിൽ മറ്റൊന്നും പറയാനില്ല.' അദ്ദേഹം വ്യക്തമാക്കി. ക്ലബ്ബിന്റെ സ്‌പോർട്‌സ് ബോർഡ് അംഗവും സമാനമായ രീതിയിൽ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആവർത്തിച്ചു. എന്നാൽ, താരം കുഴഞ്ഞുവീഴാനുണ്ടായ കൃത്യമായ കാരണം ക്ലബ്ബ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
മൈതാനത്തിറങ്ങി ഏകദേശം 15 മിനിറ്റുകൾക്ക് ശേഷമാണ് സംഭവം നടന്നത്. ഉടൻ തന്നെ ഇരു ടീമുകളുടെയും മെഡിക്കൽ സംഘം ഗ്രൗണ്ടിലെത്തി പ്രാഥമിക പരിചരണം നൽകി. പിന്നീട് സ്വന്തം കാലിൽ എഴുന്നേറ്റ താരം, അൽപം അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും സഹായമില്ലാതെ ടണലിലേക്ക് നടന്നുനീങ്ങി. തുടർന്ന് 88-ാം മിനിറ്റിൽ അദ്ദേഹത്തെ ഗ്രൗണ്ടിൽ നിന്ന് പിൻവലിച്ചു. അന്നേദിവസം മ്യൂണിക്കിലെ ഉയർന്ന താപനില കാരണം താരം പെട്ടെന്നുണ്ടായ തലകറക്കത്തിന് അടിപ്പെട്ടതാവാമെന്നാണ് ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എങ്കിലും ഇക്കാര്യത്തിൽ ക്ലബ്ബിന്റെ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.
പരിക്കുകളുടെ ചരിത്രമാണ് ആരാധകരിൽ വലിയ ആശങ്കയുണ്ടാക്കുന്നത്. കഴിഞ്ഞ വർഷം ക്ലബ്ബ് വേൾഡ് കപ്പിൽ പി.എസ്.ജിക്കെതിരായ മത്സരത്തിൽ കാൽമുട്ടിനുണ്ടായ ഗുരുതരമായ പരിക്കിനെ തുടർന്ന് മാസങ്ങളോളം താരത്തിന് കളത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. ഈ വർഷം ജനുവരിയിൽ തിരിച്ചെത്തിയ താരം ജർമ്മനിയുടെ 2026 ലോകകപ്പ് സ്‌ക്വാഡിലും നിർണായക സാന്നിധ്യമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
