തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി വിവിധ വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. സാമൂഹിക ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് 19 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി 1105 കോടി രൂപ അനുവദിച്ചു.
പിന്നാക്ക വിഭാഗക്കാർക്കുള്ള പെൻഷൻ കുടിശിക ഉൾപ്പെടെയുള്ള തുക വിതരണം ചെയ്യും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കുടിശികയും അനുവദിച്ചിട്ടുണ്ട്. സപ്ലൈകോയ്ക്ക് 53 കോടി രൂപ അനുവദിക്കാനും തീരുമാനമായി. തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണക്കാലത്ത് സഹായം ലഭിക്കും. ഓരോ തൊഴിലാളിക്കും 1200 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാൻസും നൽകും. ആശാ പ്രവർത്തകർക്കും അങ്കണവാടി പ്രവർത്തകർക്കും 1450 രൂപ വീതം ഓണത്തോടനുബന്ധിച്ചുള്ള സഹായമായി അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഓണത്തിന് വിവിധ വിഭാഗങ്ങളിലുള്ളവർക്ക് ആശ്വാസം നൽകുന്നതിനായാണ് സർക്കാർ സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആറ് ലക്ഷം ഓണക്കിറ്റുകൾ തയ്യാറാക്കിയതായി സർക്കാർ അറിയിച്ചു. ഇതിൽ പകുതിയിലധികം കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചുകഴിഞ്ഞു. ഇന്ന് ഉച്ചവരെ 75,000ത്തിലധികം ഓണക്കിറ്റുകൾ വിതരണം ചെയ്തതായും അധികൃതർ പറഞ്ഞു. ശേഷിക്കുന്ന കിറ്റുകൾ കൂടി റേഷൻ കടകളിൽ എത്തിച്ച് വിതരണം വേഗത്തിലാക്കും.
ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി 13 സബ്സിഡി സാധനങ്ങൾ വില വർധനയില്ലാതെ നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇതിന് പുറമെ 10 ഇനങ്ങൾക്ക് കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് വില കുറച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
