തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന അപകടങ്ങളിൽ ഇരയാകുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും അർഹമായ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്ക് നിർദേശം നൽകിയത്.
കെഎസ്ആർടിസിയുടെ പകുതിയോളം ബസുകൾ ഇൻഷുറൻസ് പരിരക്ഷയില്ലാതെ സർവീസ് നടത്തുകയാണെന്ന് ആരോപിച്ച് ലഭിച്ച പരാതിയിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് പൊതുപ്രവർത്തകനായ വിനോദ് മാത്യു വിൽസൺ പരാതി നൽകിയത്.
പരാതിയിൽ കമ്മീഷൻ കെഎസ്ആർടിസി എം.ഡിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി കെഎസ്ആർടിസി ചീഫ് ലോ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ ബസുകൾക്ക് പ്രത്യേക ഇൻഷുറൻസ് പോളിസി എടുക്കുന്നതിൽ നിന്ന് സ്ഥാപനത്തെ ഒഴിവാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി.
അതേസമയം, കെഎസ്ആർടിസിയിലെ യാത്രക്കാർക്കും ജീവനക്കാർക്കും ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ നിലവിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി വഴിയാണ് ഈ പരിരക്ഷ നടപ്പാക്കുന്നത്.
ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നതിൽ കാലതാമസമുണ്ടായാൽ ബന്ധപ്പെട്ടവർക്ക് പരാതി നൽകാനുള്ള സംവിധാനമുണ്ടെന്നും കെഎസ്ആർടിസി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അപകടങ്ങളിൽപ്പെടുന്നവർക്ക് അർഹമായ ഇൻഷുറൻസ് ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
