തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക നിലവാരവും മെച്ചപ്പെടുത്തുന്നതിനായി 45.68 കോടി രൂപ അനുവദിച്ചു. 45,68,11,037 രൂപയുടെ വികസന ഫണ്ടിനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഭരണാനുമതി നൽകിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണാണ് ഇക്കാര്യം അറിയിച്ചത്.
സർക്കാർ കോളജുകളിലെ ഭൗതിക സൗകര്യങ്ങൾ, മാനവവിഭവശേഷി, ഐ.ടി. സംവിധാനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനും ഗവേഷണ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുമാണ് തുക വിനിയോഗിക്കുക. വിവിധ കോളജുകളിലെ പുതിയ കെട്ടിടങ്ങൾ, അക്കാദമിക് ബ്ലോക്കുകൾ, ഭരണനിർവഹണ കേന്ദ്രങ്ങൾ, ലൈബ്രറികൾ, ഹോസ്റ്റലുകൾ തുടങ്ങിയവയുടെ നിർമാണത്തിനും വികസന ഫണ്ട് ഉപയോഗിക്കും.
എറണാകുളം പറവൂർ കേസരി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിലെ പുതിയ ഭരണനിർവഹണ കേന്ദ്രത്തിന്റെ നിർമാണത്തിനാണ് ഏറ്റവും ഉയർന്ന തുകയായ 13.48 കോടി രൂപ അനുവദിച്ചത്. മഹാരാജാസ് കോളജിലെ ഹോസ്റ്റൽ, മെസ് കെട്ടിടങ്ങൾക്കായി 5.60 കോടി രൂപയും കാര്യവട്ടം ഗവൺമെന്റ് കോളജിലെ ലൈബ്രറി, റിസർച്ച് ബ്ലോക്ക് എന്നിവയ്ക്കായി 4.81 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഗവൺമെന്റ് ബ്രണ്ണൻ കോളജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 2.42 കോടി രൂപയും ഗവൺമെന്റ് കോളജ് മൂന്നാറിലെ ചുറ്റുമതിൽ നിർമാണത്തിന് 1.98 കോടി രൂപയും അനുവദിച്ചു.
കരുനാഗപ്പള്ളി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിലെ അക്കാദമിക് ബ്ലോക്ക്, ചുറ്റുമതിൽ എന്നിവയുടെ നിർമാണത്തിന് 1.29 കോടി രൂപയും വടകര മടപ്പള്ളി ഗവൺമെന്റ് കോളജിലെ പുതിയ ആർട്സ് ബ്ലോക്കിന് 1.34 കോടി രൂപയും കെ.കെ.ടി.എം. ഗവൺമെന്റ് കോളജിന് 1.27 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
എളേരിത്തട്ട് ഇ.കെ.എൻ.എം കോളജിന് 99.68 ലക്ഷം രൂപയും തോളന്നൂർ ഗവൺമെന്റ് കോളജിന് 98.35 ലക്ഷം രൂപയും ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്.
സർക്കാർ കോളജുകളെ കൂടുതൽ ആകർഷകവും വിദ്യാർഥിസൗഹൃദവുമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു. മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനും അധ്യാപന-പഠന നിലവാരം ഉയർത്തുന്നതിനും വികസന പദ്ധതികൾ സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതികളുടെ നിർവഹണത്തിൽ കാലതാമസം ഒഴിവാക്കി നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
