പൂഞ്ഞാറിൽ ബിജെപി നാലരക്കോടിയിലേറെ ചെലവഴിച്ചെന്ന ആരോപണം; പി.സി. ജോർജിനെതിരെ പരാതി നൽകുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ

AUGUST 18, 2026, 3:22 AM

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി നാലരക്കോടിയിലേറെ രൂപ ചെലവഴിച്ചെന്ന പി.സി. ജോർജിന്റെ വെളിപ്പെടുത്തലിൽ പരാതി നൽകുമെന്ന് മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ. പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

പാർട്ടിയിൽനിന്നുള്ള സമ്മർദത്തെ തുടർന്നാണ് പി.സി. ജോർജ് പിന്നീട് തന്റെ പരാമർശം തിരുത്തിയതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ ആരോപിച്ചു. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലാണ് പി.സി. ജോർജിന്റെ പ്രതികരണങ്ങളെന്നും അദ്ദേഹം പറഞ്ഞു. വർഗീയ വിദ്വേഷത്തിന് ഇടയാക്കുന്ന പ്രസ്താവനകൾ നടത്തുന്നത് പതിവാണെന്നും രാഷ്ട്രപിതാവിനെ പോലും അവഹേളിച്ചിട്ടുള്ള വ്യക്തിയാണ് പി.സി. ജോർജെന്നും കുളത്തുങ്കൽ ആരോപിച്ചു.

പൂഞ്ഞാറിൽ നടന്നത് തെരഞ്ഞെടുപ്പ് അഴിമതിയാണെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്കെതിരെ വ്യക്തിപരമായി നടത്തിയ അധിക്ഷേപങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിക്കും. വിഷലിപ്തമായ പ്രചാരണങ്ങൾക്കെതിരെയും പരാതി നൽകുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ വ്യക്തമാക്കി.

vachakam
vachakam
vachakam

തന്റെ കുടുംബപശ്ചാത്തലത്തെക്കുറിച്ച് പി.സി. ജോർജ് നടത്തിയ പരാമർശങ്ങളെയും കുളത്തുങ്കൽ വിമർശിച്ചു. സ്വന്തം പിതാവ് ആരാണെന്ന കാര്യത്തിൽ പോലും വ്യക്തതയില്ലാത്ത തരത്തിലാണ് പി.സി. ജോർജ് സംസാരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. രേഖകളിൽ പിതാവിന്റെ പേര് പ്ലാത്തോട്ടത്തിൽ ചാക്കോ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കുളത്തുങ്കൽ പറഞ്ഞു.

നരേന്ദ്ര മോദിയാണ് തന്റെ പിതാവെന്ന തരത്തിൽ പി.സി. ജോർജ് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ബിഷപ്പ് ഫ്രാങ്കോയെ കാണാൻ ജയിലിലെത്തിയപ്പോൾ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴും ‘അപ്പനെ കാണാൻ പോയതാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും കുളത്തുങ്കൽ പരിഹസിച്ചു.

താൻ കേരള കോൺഗ്രസ് ജോസഫിൽനിന്ന് മത്സരിച്ച് വിജയിച്ച ശേഷം കേരള കോൺഗ്രസ് എമ്മിലേക്ക് മാറിയെന്ന പി.സി. ജോർജിന്റെ ആരോപണവും കുളത്തുങ്കൽ നിഷേധിച്ചു. കേരള കോൺഗ്രസ് എമ്മിന്റെ ഭാഗമായാണ് താൻ മത്സരിച്ച് വിജയിച്ചതെന്നും തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കിയതും പി.സി. ജോർജല്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് പി.സി. ജോർജ് യുഡിഎഫിന്റെ ഭാഗമായിരുന്നില്ലെന്നും കുളത്തുങ്കൽ വ്യക്തമാക്കി.

vachakam
vachakam
vachakam

പ്രായം കൂടുന്നതിനനുസരിച്ച് സാമാന്യബോധവും യുക്തിയും നഷ്ടപ്പെടുന്ന തരത്തിലുള്ള എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് പി.സി. ജോർജ് പരിശോധിക്കണമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പരിഹസിച്ചു. സ്വന്തം പിതാവ് ആരാണെന്ന കാര്യം ആദ്യം പി.സി. ജോർജ് തന്നെ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam