ഡൽഹി : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരായ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. സുകുമാരൻ നായർ കേരളത്തിന്റെ പൊതുസ്വത്താണെന്നും അദ്ദേഹത്തെ അപമാനിക്കാൻ ചിലർ നീചമായ ശ്രമം നടത്തുകയാണെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു.
തന്നെ കാണാനെത്തുന്നവരോട് സുകുമാരൻ നായർ മാന്യമായാണ് പെരുമാറുന്നതെന്നും ഓരോ വ്യക്തിക്കും അവരുടേതായ രീതികളുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സുകുമാരൻ നായരുടെ പെരുമാറ്റത്തെക്കുറിച്ച് അനാവശ്യമായ വിമർശനങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകളിലും ചാണ്ടി ഉമ്മൻ നിലപാട് വ്യക്തമാക്കി. എംഎൽഎമാർക്കും എംപിമാർക്കും കെപിസിസി അധ്യക്ഷനാകുന്നതിന് തടസമില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപിയായിരിക്കെയാണ് പാർട്ടി അധ്യക്ഷ സ്ഥാനം വഹിച്ചതെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികൾക്ക് കെപിസിസി അധ്യക്ഷനാകുന്നതിൽ അയോഗ്യതയൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
