തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കയറ്റുമതി-ഇറക്കുമതി (എക്‌സിം) പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം. ആദ്യ എക്‌സിം കണ്ടെയ്‌നർ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങിൽ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷും ചടങ്ങിൽ പങ്കെടുത്തില്ല.
പരിപാടിയിൽ വന്ദേമാതരം ആലപിക്കാത്തതിലുള്ള അതൃപ്തിയെ തുടർന്നാണ് കേന്ദ്രമന്ത്രി ചടങ്ങിൽനിന്ന് വിട്ടുനിന്നതെന്നാണ് സൂചന. എന്നാൽ കേന്ദ്രമന്ത്രി പങ്കെടുക്കാത്തതിനാലാണ് താൻ പരിപാടിയിൽ എത്താതിരുന്നതെന്നും ഓണാഘോഷ പരിപാടികളുടെ തിരക്കുണ്ടായിരുന്നുവെന്നും വി.വി. രാജേഷ് വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖം ലോകത്തേക്കുള്ള കേരളത്തിന്റെ വികസന കവാടമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ഇനി മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി.
തുറമുഖവുമായി ബന്ധപ്പെട്ട റോഡ്, റെയിൽ കണക്ടിവിറ്റി പദ്ധതികൾ നേരത്തെ തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇതിന്റെ പ്രയോജനം നൂറിരട്ടിയായി വർധിക്കുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ കൂടുതൽ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ഒരു തുറമുഖ നഗരമായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അതിന്റെ ഭാഗമായാണ് ‘മിഷൻ സമുദ്ര’യ്ക്ക് തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ 18 ഹാർബറുകളെയും ഏകോപിപ്പിച്ചുകൊണ്ട് പദ്ധതി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിക്ഷേപം ആകർഷിക്കുന്നതിനായുള്ള ചർച്ചകൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് പ്രത്യേക കൺസൾട്ടൻസി ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വലിയൊരു വികസന സ്വപ്നത്തിന്റെ തുടക്കമാണ് വിഴിഞ്ഞത്ത് കുറിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
