തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ തൃശൂർ ടൈറ്റാൻസിന് അനായാസ വിജയം. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ഏഴ് വിക്കറ്റിനാണ് ടൈറ്റൻസ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. തൃശൂർ 19 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അർദ്ധ സെഞ്ച്വറി നേടിയ നിഖിൽ തോട്ടത്താണ് പ്‌ളേയർ ഒഫ് ദ മാച്ച്.
ആദ്യ ബാറ്റിംഗിനിറങ്ങിയ കാലിക്കറ്റിന് രണ്ടാം പന്തിൽ തന്നെ നായകൻ വരുൺ നായനാരുടെ വിക്കറ്റ് നഷ്ടമായി. ആനന്ദ് ജോസഫിന്റെ പന്തിൽ നിഖിൽ ക്യാച്ചെടുത്താണ് വരുണിനെ മടക്കിയത്. രണ്ടാം വിക്കറ്റിൽ രോഹൻ കുന്നുമ്മലും കെ.എസ്. അരവിന്ദും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇരുവരെയും പുറത്താക്കി ബിജു നാരായണൻ കാലിക്കറ്റിന്റെ കുതിപ്പിന് തടയിട്ടു. രോഹൻ കുന്നുമ്മൽ 30ഉം അരവിന്ദ് 26ഉം റൺസെടുത്തു. തുടർന്നെത്തിയ അഖിൽ സ്‌കറിയയും (9), അശ്വിൻ ആനന്ദും (2) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. സൽമാൻ നിസാർ 13 റൺസെടുത്ത് പുറത്തായി. ഏഴാമനായെത്തിയ കൃഷ്ണദേവന്റെ (27) ഇന്നിംഗ്‌സാണ് കാലിക്കറ്റിന്റെ സ്‌കോർ 137ൽ എത്തിച്ചത്. 15 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്‌സുമടക്കമാണ് കൃഷ്ണദേവൻ റൺസെടുത്തത്. അബ്ദുൾ ബാസിത് 18 റൺസെടുത്തു. തൃശൂരിനു വേണ്ടി ആനന്ദ് ജോസഫും ബിജു നാരായണനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് ഓപ്പണർമാരായ കെ.ആർ. രോഹിതിനെയും (3), അഹ്മദ് ഇമ്രാനെയും (10) തുടക്കത്തിലേ നഷ്ടമായി. അഖിൻ സത്താറിനായിരുന്നു വിക്കറ്റുകൾ. എന്നാൽ മധ്യനിരയിൽ ഒത്തുചേർന്ന ഷോൺ റോജറുടെയും (30) നിഖിൽ തോട്ടത്തിലിന്റെയും(59 നോട്ടൗട്ട്) ഇന്നിംഗ്‌സുകൾ തൃശൂരിന് കരുത്തായി. ഇരുവരും ചേർന്ന് 42 റൺസ് കൂട്ടിച്ചേർത്തു. 48 പന്തുകളിൽ അഞ്ചു ഫോറുകളും മൂന്ന് സിക്‌സുമടക്കമാണ് നിഖിൽ 59 റൺസടിച്ചത്. ക്യാപ്ടൻ എം. എസ്. അഖിൽ 27 റൺസുമായി നിഖിലിന് പിന്തുണയേകി. 16.5 ഓവറിൽ തൃശൂർ ലക്ഷ്യത്തിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
