തിരുവനന്തപുരം: കെ.സി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിനെ ഏരീസ് കൊല്ലം സെയിലേഴ്‌സ് 11 റൺസിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത കൊല്ലം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. മറുപടിക്കിറങ്ങിയ റോയൽസിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് മാത്രമാണ് നേടാനായത്. അർദ്ധ സെഞ്ചുറിയുമായി സെയിലേഴ്‌സിന് വിജയമൊരുക്കിയ അരുൺ പൗലോസാണ് പ്ലെയർ ഓഫ് ദി മാച്ച്. സ്‌കോർ: ഏരീസ് കൊല്ലം സെയിലേഴ്‌സ് 20 ഓവറിൽ 202/6, ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ 191/7.
അരുൺ പൗലോസിന്റെ (32 പന്തിൽ 62) വെടിക്കെട്ട് തുടക്കമാണ് കൊല്ലത്തിന്റെ കൂറ്റൻ സ്‌കോറിന് അടിത്തറയിട്ടത്. ട്രിവാൻഡ്രത്തിന്റെ ബൗളർമാരെ കടന്നാക്രമിച്ച അരുൺ, ഗാലറിയെ ആവേശക്കടലാക്കി. ടൂർണ്ണമെന്റിലെ ഏറ്റവും പ്രായമേറിയ താരം കൂടിയായ അരുൺ തകർപ്പൻ ബൗണ്ടറിയോടെയാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. വെറും 26 പന്തിൽ അരുൺ അർദ്ധസെഞ്ചുറി തികച്ചു. ആറ് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു അരുണിന്റെ ഇന്നിംഗ്‌സ്. അരുണിന്റെ മികവിൽ 10.1 ഓവറിൽ കൊല്ലത്തിന്റെ സ്‌കോർ 100 കടന്നു.
തുടർന്ന് നായകൻ വത്സൽ ഗോവിന്ദും (43), ആനന്ദ് കൃഷ്ണനും (35) ചേർന്ന കൂട്ടുകെട്ടും കൊല്ലത്തിന്റെ സ്‌കോർ അതിവേഗം മുന്നോട്ടു നീക്കി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച അജിനാസിന്റെയും (7 പന്തിൽ 16), അർജുൻ വേണുഗോപാലിന്റെയും (6 പന്തിൽ 17) ഇന്നിംഗ്‌സുകളാണ് കൊല്ലത്തിന്റെ സ്‌കോർ 200 കടത്തിയത്. റോയൽസിനു വേണ്ടി രാഹുൽ ചന്ദ്രനും എം. നിഖിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാൻഡ്രത്തിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാർ നൽകിയത്. അഭിഷേക് പി. നായരും (25) ക്യാപ്ടൻ കൃഷ്ണപ്രസാദും (53) ചേർന്ന് ഒന്നാം വിക്കറ്റിൽ 46 റൺസ് കൂട്ടിച്ചേർത്തു. അഭിഷേക് പുറത്തായെങ്കിലും, പകരമെത്തിയ വിഷ്ണു വിനോദുമായി ചേർന്ന് കൃഷ്ണപ്രസാദ് അതിവേഗം ഇന്നിംഗ്‌സ് മുന്നോട്ടു നീക്കി. ഇരുവരും രണ്ടാം വിക്കറ്റിൽ 48 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 26 റൺസെടുത്ത വിഷ്ണു വിനോദിനെ പുറത്താക്കി കെ. ജി അഖിലാണ് കൂട്ടുകെട്ട് പൊളിച്ചത്.
കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയും (32) ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടും റോയൽസിന് പ്രതീക്ഷ നൽകി. എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഇരുവരും പുറത്തായത് റോയൽസിന് തിരിച്ചടിയായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഖിലാണ് കൊല്ലം ബൗളിംഗ് നിരയിൽ തിളങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
