കെ.സി.എല്ലിൽ തുടർച്ചയായ രണ്ടാം വിജയവുമായി ആലപ്പി റിപ്പിൾസ്

AUGUST 23, 2026, 4:47 AM

തിരുവനന്തപുരം: കെ.സി.എല്ലിൽ തുടർച്ചയായ രണ്ടാം വിജയവുമായി ആലപ്പി റിപ്പിൾസ്. രണ്ടാമത്തെ മത്സരത്തിൽ തൃശൂർ ടൈറ്റൻസിനെ മഴനിയമപ്രകാരം പത്ത് റൺസിനാണ് റിപ്പിൾസ് മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. മഴയെ തുടർന്ന് തൃശൂരിന്റെ വിജയലക്ഷ്യം 15 ഓവറിൽ 148 റൺസായി പുതുക്കി നിശ്ചയിച്ചു. എന്നാൽ തൃശൂരിന് 15 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 137 റൺസേ നേടാനായുള്ളൂ. തകർപ്പൻ അർദ്ധസെഞ്ചുറിയുമായി ആലപ്പിയ്ക്ക് വിജയമൊരുക്കിയ മുഹമ്മദ് അസ്ഹറുദ്ദീനാണ് (41 പന്തിൽ 73) കളിയിലെ താരം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആലപ്പിയ്ക്ക് രണ്ടാം പന്തിൽ തന്നെ ജലജ് സക്‌സേനയുടെ (0)വിക്കറ്റ് നഷ്ടമായി. എന്നാൽ അസ്ഹറുദ്ദിനും സച്ചിൻ ബേബിയും (41) ആഞ്ഞടിച്ചതോടെ അഞ്ചാം ഓവറിൽ തന്നെ ആലപ്പിയുടെ സ്‌കോർ 50 കടന്നു. രണ്ടാം വിക്കറ്റിൽ 67 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. സച്ചിനെ പുറത്താക്കി ബിജു നാരായണൻ കൂട്ടുകെട്ടിന് അവസാനമിട്ടെങ്കിലും ആലപ്പിയുടെ റണ്ണൊഴുക്ക് തടയാനായില്ല.

അക്ഷയ് ടി.കെ. ഒരു റണ്ണുമായി മടങ്ങിയെങ്കിലും,അസ്ഹറുദ്ദിന് കൂട്ടായി കെ.എ. അരുൺ (25) എത്തിയതോടെ സ്‌കോർ ബോർഡ് അതിവേഗം മുന്നോട്ടു നീങ്ങി. അരുൺ, എം.എസ്. അഖിലിന് വിക്കറ്റ് നൽകി മടങ്ങി. മറുവശത്ത് തകർത്തടിച്ച അസ്ഹറുദ്ദിൻ 30 പന്തുകളിൽ നിന്ന് അർദ്ധ സെഞ്ചുറി പൂർത്തിയാക്കി. ആദിത്യ വിനോദിന്റെ പന്തിൽ മൊഹമ്മദ് ഇനാൻ ക്യാച്ചെടുത്താണ് അസറുദ്ദിൻ പുറത്തായത്. മൂന്ന് ഫോറും ആറ് സിക്‌സറും അടങ്ങുന്നതായിരുന്നു അസറുദ്ദിന്റെ ഇന്നിങ്‌സ്. 16 റൺസെടുത്ത അഭിജിത് പ്രവീണിന്റെയും 12 റൺസെടുത്ത സിബിൻ ഗിരീഷിന്റെയും പ്രകടനമാണ് ആലപ്പിയുടെ സ്‌കോർ 193ൽ എത്തിച്ചത്. തൃശൂരിനു വേണ്ടി ആനന്ദ് ജോസഫും എം.എസ്. അഖിലും ആദിത്യ വിനോദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

vachakam
vachakam
vachakam

തൃശൂർ ടൈറ്റൻസിന് അഹമ്മദ് ഇമ്രാനും കെ.ആർ. രോഹിതും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. വെറും 4.2 ഓവറിൽ ഈ സഖ്യം 44 റൺസ് വാരിക്കൂട്ടി. എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഇരുവരും വീണത് ടൈറ്റൻസിന് തിരിച്ചടിയായി; ഇമ്രാൻ 25 റൺസും രോഹിത് 18 റൺസുമെടുത്ത് മടങ്ങി. പിന്നാലെയെത്തിയ നിഖിൽ തോട്ടത്തിനും (5) അധികനേരം പിടിച്ചു നില്ക്കാനായില്ല.

ഇതിനിടെ വില്ലനായി മഴയെത്തിയതോടെ തൃശൂരിന്റെ വിജയലക്ഷ്യം വി.ജെ.ഡി നിയമപ്രകാരം 15 ഓവറിൽ 148 റൺസായി പുതുക്കി നിശ്ചയിച്ചു. ഷോൺ റോജറും ക്യാപ്ടൻ എം.എസ്. അഖിലും കൂറ്റൻ സിക്‌സറുകളുമായി തൃശൂർ ആരാധകർക്ക് പ്രതീക്ഷ നൽകിയെങ്കിലും അധികനേരം ആയുസ്സുണ്ടായില്ല. ഷോൺ റോജർ 28ഉം അഖിൽ 15 റൺസുമായി മടങ്ങി. അവസാന ഓവറുകളിൽ കൗമാരതാരം മുഹമ്മദ് ഇനാൻ തകർത്തടിച്ചെങ്കിലും വിജയത്തിന് പത്ത് റൺസകലെ തൃശൂർ പൊരുതി വീണു. ഇനാൻ ഒൻപത് പന്തുകളിൽ രണ്ട് ഫോറും രണ്ട് സിക്‌സുമടക്കം 25 റൺസുമായി പുറത്താകാതെ നിന്നു. ആലപ്പിയ്ക്ക് വേണ്ടി ജലജ് സക്‌സേനയും അഭിജിത് പ്രവീണും അഖിൽദേവും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam