സാൻ ഫ്രാൻസിസ്കോ: പത്ത് പേരുമായി ചുരുങ്ങിയിട്ടും തകർപ്പൻ പോരാട്ടവീര്യവുമായി അമേരിക്കൻ പട ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 16) യോഗ്യത നേടി. ബുധനാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബൊസ്നിയയെ തകർത്താണ് യുഎസ് ചരിത്രവിജയം സ്വന്തമാക്കിയത്. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഒരു വിജയം നേടാനായുള്ള അമേരിക്കയുടെ 24 വർഷത്തെ നീണ്ട കാത്തിരിപ്പാണ് ഈ ജയത്തോടെ അവസാനിച്ചത്.
സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ തടിച്ചുകൂടിയ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി കളം നിറഞ്ഞുകളിച്ച അമേരിക്കയ്ക്കായി ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഫോളാരിൻ ബലോഗൻ ആദ്യ ഗോൾ നേടി. എന്നാൽ രണ്ടാം പകുതിയിൽ താരം ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ യുഎസ് പത്ത് പേരായി ചുരുങ്ങി.
തുടർന്ന് കളി അവസാനിക്കാൻ എട്ട് മിനിറ്റ് ബാക്കിയുള്ളപ്പോൾ മാലിക് ടിൽമാൻ നേടിയ മനോഹരമായ ഫ്രീ കിക്ക് ഗോളിലൂടെ അമേരിക്ക വിജയം ഉറപ്പിച്ചു.സൂപ്പർ താരം ക്രിസ്റ്റ്യൻ പുലിസിച്ച് ടീമിലേക്ക് തിരിച്ചെത്തിയത് യുഎസിന്റെ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. മത്സരത്തിൽ പുലിസിച്ചും ബലോഗനും നേടിയ രണ്ട് ഗോളുകൾ ഓഫ്‌സൈഡ് നിയമങ്ങളിൽ കുരുങ്ങി റദ്ദാക്കപ്പെട്ടിരുന്നു.
യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ലോകകപ്പിൽ തുടർച്ചയായി 10 മത്സരങ്ങളിൽ പരാജയപ്പെട്ട ചരിത്രമുള്ള അമേരിക്കയ്ക്ക് ഈ വിജയം വലിയൊരു ആത്മവിശ്വാസമാണ് നൽകുന്നത്. സെനഗലിനെ അധിക സമയത്ത് 3-2 ന് തോൽപ്പിച്ച് എത്തുന്ന ബെൽജിയമാണ് പ്രീ-ക്വാർട്ടറിൽ അമേരിക്കയുടെ എതിരാളികൾ. സിയാറ്റിലിൽ വെച്ചാണ് ഈ പോരാട്ടം നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
