37 ദിവസത്തെ എൽപിഎസ്ടി സമരത്തിന് വിരാമം; വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചർച്ച വിജയം

AUGUST 11, 2026, 2:37 AM

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമായി എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് സമരസമിതി നടത്തിയ ചർച്ച വിജയിച്ചതിനെ തുടർന്ന് 37 ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നുവന്ന അനിശ്ചിതകാല സമരമാണ് സമരസമിതി പിൻവലിച്ചത്.

ചർച്ചയ്ക്ക് ശേഷം സമര നേതാവ് വളർമതിക്ക് മന്ത്രി എൻ. ഷംസുദ്ദീൻ വെള്ളം നൽകിയാണ് സമരം അവസാനിപ്പിച്ചത്. ഇതോടെ ഒരുമാസത്തിലേറെയായി സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുന്ന ഉദ്യോഗാർഥികളുടെ പ്രതിഷേധത്തിനാണ് വിരാമമായത്.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് സമരവുമായി രംഗത്തെത്തിയത്. 2025 മേയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽനിന്ന് നാമമാത്രമായ നിയമനങ്ങൾ മാത്രമാണ് നടന്നതെന്നും പല ജില്ലകളിലും ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്നും ഉദ്യോഗാർഥികൾ ആരോപിച്ചിരുന്നു.

vachakam
vachakam
vachakam

നിയമന നടപടികൾ വേഗത്തിലാക്കുക, അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുക, ഡിവിഷൻ ഫാൾ നേരിടുന്ന അധ്യാപകരെ പ്രധാനാധ്യാപക ഒഴിവുകളിലേക്ക് പുനർവിന്യസിക്കുക, വിരമിക്കൽ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്ത് അടിയന്തരമായി നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉദ്യോഗാർഥികൾ ഉന്നയിച്ചിരുന്നത്.

സമരം 37 ദിവസം പിന്നിട്ടതോടെയാണ് സർക്കാർ സമരസമിതിയെ ഔദ്യോഗിക ചർച്ചയ്ക്ക് വിളിച്ചത്. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്.

സർക്കാർ മുൻകൈയെടുത്ത് ചർച്ചയ്ക്ക് വിളിച്ചത് ഇതാദ്യമായിരുന്നു. നേരത്തെ സമരസമിതി പലതവണ സർക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ഔദ്യോഗികമായി ചർച്ചയ്ക്ക് വിളിക്കാത്തതിൽ സമരക്കാർ വിമർശനം ഉന്നയിച്ചിരുന്നു.

vachakam
vachakam
vachakam

ചർച്ചയിൽ ഉദ്യോഗാർഥികളുടെ ആവശ്യങ്ങളും നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളും വിശദമായി പരിഗണിച്ചതായാണ് വിവരം. സർക്കാർ നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമരസമിതി അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam