കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. പരാതിക്കാരനായ തിരുവനന്തപുരം സ്വദേശി ശ്യാം കൃഷ്ണന് കോടതി നോട്ടീസ് അയച്ചു.
സെലക്ഷൻ പ്രക്രിയ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും, നടപടികൾ പൂർത്തിയായ ശേഷമേ പരീക്ഷാ രേഖകൾ പുറത്തുവിടാൻ കഴിയൂവെന്നും പിഎസ്‌സി കോടതിയെ അറിയിച്ചു. പരീക്ഷാ രേഖകൾ ഇപ്പോൾ പുറത്തുവിടുന്നത് പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നും പിഎസ്‌സി വാദിച്ചു. അഭിമുഖ നടപടികളും ഇതുവരെ പൂർത്തിയായിട്ടില്ലെന്നും പിഎസ്‌സി കോടതിയെ അറിയിച്ചു.
പിഎസ്‌സിയുടെ വാദം പരിഗണിച്ച ശേഷമാണ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ ഉൾപ്പെടെയുള്ള രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്.
വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരെ പിഎസ്‌സി നൽകിയ റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. നേരത്തെ ഹർജിയിൽ സാങ്കേതിക പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അത് തിരുത്തി വീണ്ടും സമർപ്പിക്കാൻ നിർദേശിച്ചിരുന്നു.
തിരുവനന്തപുരം സ്വദേശിയായ ശ്യാം കൃഷ്ണൻ നൽകിയ വിവരാവകാശ അപേക്ഷയിലാണ് പരീക്ഷയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ലഭ്യമാക്കാൻ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടത്. പരീക്ഷയുടെ ഉത്തരക്കടലാസുകൾ, ഇന്റർവ്യൂ മാർക്ക് ലിസ്റ്റ് എന്നിവ ഉൾപ്പെടെയുള്ള രേഖകൾ നൽകണമെന്നായിരുന്നു ഉത്തരവ്.
എന്നാൽ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാൻ പിഎസ്‌സി തയ്യാറായിരുന്നില്ല. ഇതിൽ കഴിഞ്ഞ ദിവസം വിവരാവകാശ കമ്മീഷണർ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഉത്തരവ് നടപ്പാക്കാത്തതിൽ പിഎസ്‌സിയോട് വിശദീകരണവും തേടിയിരുന്നു.
ഇതിനിടെയാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചത്. സെലക്ഷൻ നടപടികൾ പൂർത്തിയാകുന്നതിന് മുമ്പ് പരീക്ഷാ രേഖകൾ പുറത്തുവിടുന്നത് നിയമപരമായും നടപടിക്രമപരമായും പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നാണ് പിഎസ്‌സിയുടെ നിലപാട്. വിഷയം വീണ്ടും ഹൈക്കോടതിയുടെ പരിഗണനയിൽ വരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
