കൊച്ചി: രാജ്യത്തെ മുന്‍നിര വിദ്യാലയങ്ങളെ കണ്ടെത്തുന്നതിനായി ഗവേഷണ ഏജന്‍സിയായ സീ ഫോര്‍ നടത്തിയ 2026 ലെ സ്‌കൂള്‍ റാങ്കിങ്ങില്‍ കേരളത്തിലെ വിദ്യാലയങ്ങള്‍ക്ക് മികച്ച നേട്ടം. വിവിധ വിഭാഗങ്ങളിലായി സംസ്ഥാനത്തെ നിരവധി സ്‌കൂളുകളാണ് ദേശീയ തലത്തില്‍ ആദ്യ റാങ്കുകളില്‍ ഇടംപിടിച്ചത്. 2026 മാര്‍ച്ച് മുതല്‍ ജൂലൈ വരെ രാജ്യത്തെ 244 നഗരങ്ങളില്‍ 64,567 പേരെ പങ്കെടുപ്പിച്ച് നടത്തിയ പെര്‍സെപ്ഷന്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ റാങ്കിങ് നിശ്ചയിച്ചത്. രക്ഷിതാക്കള്‍, അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്നുള്ള മൂല്യനിര്‍ണയം കണക്കിലെടുത്താണ് വിലയിരുത്തല്‍ പൂര്‍ത്തിയാക്കിയത്.
ഡേ-കം-ബോര്‍ഡിങ് വിഭാഗത്തില്‍ കോട്ടയം പള്ളിക്കൂടം സ്‌കൂള്‍ സംസ്ഥാനത്ത് ഒന്നാമതും ദേശീയ തലത്തില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി. ഡിഫന്‍സ് സര്‍വീസസ് സ്‌കൂളുകളില്‍ കൊച്ചി നേവി ചില്‍ഡ്രന്‍ സ്‌കൂള്‍ സംസ്ഥാനത്ത് ഒന്നാമതും രാജ്യത്ത് അഞ്ചാം സ്ഥാനത്തുമാണ് എത്തിയത്. ഇന്റര്‍നാഷണല്‍ കരികുലം വിഭാഗത്തില്‍ കൊച്ചി ജെംസ് മോഡേണ്‍ അക്കാദമി കേരളത്തില്‍ ഒന്നാമതും ദേശീയ തലത്തില്‍ 15-ാം സ്ഥാനവും കൈവരിച്ചു.
ഗവണ്‍മെന്റ് ഡേ സ്‌കൂളുകളില്‍ തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയം സംസ്ഥാനത്ത് ഒന്നാമതും ഇന്ത്യയില്‍ മൂന്നാമതും എത്തിയപ്പോള്‍ കൊച്ചി നേവല്‍ ബേസ് കേന്ദ്രീയ വിദ്യാലയം കേരളത്തില്‍ രണ്ടാമതും ദേശീയ തലത്തില്‍ അഞ്ചാമതുമായി നേട്ടം കൊയ്തു. ഗവണ്‍മെന്റ് റസിഡന്‍ഷ്യല്‍ വിഭാഗത്തില്‍ ആലപ്പുഴ പി.എം ശ്രീ ജവാഹര്‍ നവോദയ വിദ്യാലയം ദേശീയ തലത്തില്‍ നാലാം റാങ്കോടെ സംസ്ഥാനത്ത് ഒന്നാമതെത്തി. കോഴിക്കോട് നവോദയ ദേശീയതലത്തില്‍ ആറാം റാങ്കും എറണാകുളം നവോദയ എട്ടാം റാങ്കും കരസ്ഥമാക്കി.
ഇന്ത്യന്‍ കരികുലം പിന്തുടരുന്ന ഡേ കോ-എഡ് സ്‌കൂളുകളില്‍ കൊച്ചി രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂള്‍ 1450-ല്‍ 1186 സ്‌കോര്‍ നേടി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1176 സ്‌കോറുമായി രണ്ടാമതും ലൊയോള സ്‌കൂള്‍ (CBSE) 1166 സ്‌കോറോടെ മൂന്നാമതുമുണ്ട്. തിരുവനന്തപുരം ഭാരതീയ വിദ്യാ ഭവന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (1162), മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ സെന്‍ട്രല്‍ പബ്ലിക് സ്‌കൂള്‍ (1138), നവജീവന്‍ ബഥനി വിദ്യാലയ (1127), ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂള്‍ (1124) എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ നേടി. തൃശൂര്‍ ദേവമാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (1123), കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍ (1120), കോട്ടയം എക്‌സല്‍സിയര്‍ ഇംഗ്ലീഷ് സ്‌കൂള്‍ (1118) എന്നിവയും ടോപ്പ് 10 പട്ടികയില്‍ ഇടംപിടിച്ചു.
അക്കാദമിക് മികവിന് പുറമെ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുടെ ഗുണനിലവാരവും ഉള്‍പ്പെടെ 14 പ്രധാന മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് സര്‍വേ നടത്തിയത്. പൂര്‍ണ്ണമായ റാങ്കിംഗ് വിവരങ്ങള്‍ cforerankings.com എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
