കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി നയിക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന പാര്‍ട്ടി എം.എല്‍.എ കുനാല്‍ ഘോഷിന്റെ വാഹനത്തിന് നേരെ ആക്രമണം. ഹൂഗ്ലിയില്‍ വച്ച് ഒരു കൂട്ടം ആളുകള്‍ അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി കല്ലും മുട്ടയുമെറിയുകയായിരുന്നു. ആക്രമണത്തില്‍ കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണമായി തകര്‍ന്നു. തുടര്‍ന്ന് യാത്ര തുടരാനാകാതെ അദ്ദേഹം കൊല്‍ക്കത്തയിലേക്ക് മടങ്ങി.
കോപാകുലരായ ആളുകള്‍ എം.എല്‍.എ സഞ്ചരിച്ചിരുന്ന കാര്‍ വളയുകയും വാഹനത്തില്‍ ഇടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 'കുനാല്‍ ഘോഷ് തിരികെ പോകുക' എന്ന മുദ്രാവാക്യം വിളികളോടെയാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്. സംഭവത്തിനുശേഷം പ്രതികരിച്ച കുനാല്‍ ഘോഷ് സംസ്ഥാനത്ത് കാട്ടുനീതിയാണ് നടമാടുന്നതെന്ന് കുറ്റപ്പെടുത്തി. വഴി തടഞ്ഞ് കല്ലും മുട്ടയുമെറിഞ്ഞ് ആക്രമണം നടത്തുമ്പോള്‍ സ്ഥലത്ത് പോലീസുകാരാരും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ പരാതി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. തന്റെ റാലിയിലേക്ക് ആളുകള്‍ എത്തുന്നത് തടയാനുള്ള ബി.ജെ.പിയുടെ ശ്രമമാണിതെന്ന് തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. ശ്രീരാംപൂരിലെ പൊതുയോഗത്തിലേക്ക് ജനങ്ങള്‍ എത്തുന്നതില്‍ നിന്ന് പൊലീസും തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്നും, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോലും സംഭവിക്കാത്ത കാര്യങ്ങളാണ് ഇവിടെ നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഇത് സാധാരണക്കാരുടെ പ്രതിഷേധമല്ലെന്നും ബി.ജെ.പിയുടെ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നും തൃണമൂല്‍ നേതാവ് അസിത് മജുംദാര്‍ പറഞ്ഞു.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ഉത്തര്‍പാറയിലെ ബി.ജെ.പി എം.എല്‍.എ ദീപാഞ്ചന്‍ ചക്രവര്‍ത്തി, തൃണമൂല്‍ നേതാക്കളുടെ നടപടികളില്‍ മടുത്ത ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് സംഭവത്തില്‍ കണ്ടതെന്ന് വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ബംഗാളില്‍ തൃണമൂല്‍ നേതാക്കള്‍ക്ക് നേരെ മുട്ടയെറിയുന്നത് പതിവായിരിക്കുകയാണ്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ ആരോപിക്കുമ്പോള്‍, അഴിമതിക്കാരായ ഭരണകക്ഷി നേതാക്കളോടുള്ള ജനരോഷമാണ് പുറത്തുവരുന്നതെന്നാണ് ബി.ജെ.പിയുടെ മറുപടി. ഈ മാസം ആദ്യം നാദിയയിലെ തെഹട്ടയില്‍ വച്ച് തൃണമൂല്‍ എം.പി മഹുവാ മൊയ്ത്രയ്ക്ക് നേരെയും സമാനമായ രീതിയില്‍ മുട്ടയേറുണ്ടായിരുന്നു. നേതാക്കള്‍ക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കല്‍ക്കട്ട ഹൈക്കോടതി നേരത്തെ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
English summary
A mob in Hooghly, West Bengal, attacked the car of Trinamool Congress MLA Kunal Ghosh with stones and eggs while he was en route to a rally hosted by party chief Mamata Banerjee. The assault, which left the vehicle's rear windshield shattered and forced Ghosh to retreat to Kolkata to file an official police complaint, sparked sharp political crossfire—with Trinamool leaders alleging a pre-planned BJP conspiracy to disrupt their event and the BJP countering it as a spontaneous public backlash against political corruption.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
