തിരുവനന്തപുരം: വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ ഗ്യഹപരിശോധന നടത്തുന്നതിനുമുമ്പ് പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന് ബോധ്യപ്പെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടപ്പോഴാണ് ഇ എക്സ് സി 35 / 2021 എന്ന സർക്കുലർ എക്സൈസ് കമ്മീഷണർ ഇറക്കിയത്. സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കാമെങ്കിൽ പരാതികൾ ഒഴിവാക്കാമെന്ന് ഉത്തരവിൽ പറഞ്ഞു.
കേൾവിശക്തിയും സംസാര ശേഷിയുമില്ലാത്ത സർക്കാർ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര സ്വദേശിയായ നിരപരാധിയുടെ വീട്ടിൽ സർക്കുലറിന് വിരുദ്ധമായി റെയ്ഡ് നടത്തിയതായി ഭാര്യ പരാതി നൽകിയ സാഹചര്യത്തിൽ തിരുപുറം എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം ലഭിച്ച ശേഷം ഉചിതമായ നടപടി എക്സൈസ് കമ്മീഷണർ സ്വീകരിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
2025 ജനുവരി 3 ന് സമീപവാസിയായ സ്ത്രീ തിരുപുറം എക്സൈസ് റേഞ്ച് ഓഫീസിൽ നേരിട്ട് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് എക്സൈസ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. വിവരം നൽകിയ സ്ത്രീയുടെ മകൻ സംസാര- കേൾവി ശേഷിയില്ലാത്തയാളുടെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണെന്നും എക്സൈസ് കമ്മീഷണർ അറിയിച്ചു. പരിശോധനാ സംഘത്തിലുണ്ടായിരുന്ന ഒരുദ്യോഗസ്ഥൻ പരാതിക്കാരിയുടെ ഭർത്താവിനെ തിരിച്ചറിഞ്ഞയുടൻ പരിശോധന നടത്താതെ മടങ്ങിയതായി റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ രാത്രി ഉറങ്ങികിടന്ന തങ്ങളെ വിളിച്ചുണർത്തി അപമാനിച്ചെന്നും വ്യാജ വിവരം നൽകിയ സ്ത്രീയെ എക്സൈസ് സംഘം വിശ്വസിച്ചെന്നും പരാതിക്കാരി അറിയിച്ചു.
വ്യാജ വിവരം നൽകിയ സ്ത്രീക്കെതിരെ പരാതിക്കാരിക്ക് നെയ്യാറ്റിൻകര ഡി വൈ എസ് പി ക്ക് പരാതി നൽകാമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. പരാതിക്കാരിക്കെതിരെ ഭീഷണിയുണ്ടായാൽ കർശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ നെയ്യാറ്റിൻകര ഡി വൈ എസ് പി ക്ക് നിർദ്ദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
