സന്തോഷ് ട്രോഫിക്ക് വീണ്ടും വേദിയാകാൻ കേരളം

AUGUST 8, 2026, 8:34 AM

ദേശീയ ഫുട്‌ബോളിലെ ഏറ്റവും പാരമ്പര്യമുള്ള ടൂർണമെന്റായ സന്തോഷ് ട്രോഫിക്ക് വീണ്ടും വേദിയാകാൻ കേരളം ഒരുങ്ങുന്നു. അടുത്ത സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് കേരളത്തിൽ സംഘടിപ്പിക്കാൻ താൽപര്യമുണ്ടെന്ന് കേരള ഫുട്‌ബോൾ അസോസിയേഷൻ (കെ.എഫ്.എ) അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെ (എ.ഐ.എഫ്.എഫ്) അറിയിച്ചു.ബിഡ് ക്ഷണിക്കുന്നതോടെ ഔദ്യോഗിക അപേക്ഷ സമർപ്പിക്കാനാണ് കെ.എഫ്.എയുടെ തീരുമാനം.

നിലവിലെ റണ്ണറപ്പുകളായതിനാൽ പഴയ നിയമം തുടർന്നാൽ കേരളത്തിന് നേരിട്ട് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത ലഭിക്കും. അങ്ങനെയെങ്കിൽ ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനാണ് കെ.എഫ്.എയുടെ ലക്ഷ്യം. അതേസമയം, ഇത്തവണ യോഗ്യതാ റൗണ്ട് മുതൽ എല്ലാ ടീമുകളും കളിക്കണമെന്ന രീതിയിൽ നിയമത്തിൽ മാറ്റമുണ്ടായാൽ, കേരളം ഉൾപ്പെടുന്ന ദക്ഷിണ മേഖല യോഗ്യതാ റൗണ്ടും തുടർന്ന് ഫൈനൽ റൗണ്ടും സംസ്ഥാനത്ത് തന്നെ നടത്താനുള്ള സാധ്യതയും കെ.എഫ്.എ പരിഗണിക്കുന്നുണ്ട്.

ഫൈനൽ റൗണ്ടിന് വേദിയാകാൻ കൊച്ചി ഉൾപ്പെടെ അഞ്ച് നഗരങ്ങളെയാണ് കെ.എഫ്.എ പരിഗണിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശ്ശൂർ ജില്ല ഫുട്‌ബോൾ അസോസിയേഷനുകളും ടൂർണമെന്റ് നടത്താൻ താൽപര്യം അറിയിച്ചിട്ടുണ്ട്. 40,000ത്തിലധികം സീറ്റുകളുള്ള ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവും മികച്ച വാണിജ്യ സാധ്യതകളും കൊച്ചിയെ മുൻതൂക്കം നൽകുന്ന ഘടകങ്ങളാണ്. സ്റ്റേഡിയം വാടക ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിന്റെ പിന്തുണ ലഭിച്ചാൽ കൊച്ചിയെ തന്നെ വേദിയാക്കാനാണ് കെ.എഫ്.എയുടെ പ്രധാന നീക്കം.

vachakam
vachakam
vachakam

കൊച്ചിക്ക് പിന്നാലെ ഏകദേശം 35,000 സീറ്റുകളുള്ള കോഴിക്കോട് സ്റ്റേഡിയവും ശക്തമായ പരിഗണനയിലാണ്. 20,000ത്തോളം സീറ്റുകളുള്ള കണ്ണൂരും 14,000ത്തോളം സീറ്റുകളുള്ള മലപ്പുറവും മത്സരത്തിനായി തയ്യാറാണ്. എന്നാൽ, 10,000ൽ താഴെ മാത്രം സീറ്റുകളുള്ള തൃശ്ശൂരിന്റെ സ്റ്റേഡിയം ശേഷി വെല്ലുവിളിയാകുന്നുണ്ട്. 'സന്തോഷ് ട്രോഫിക്ക് വേദിയാകാനുള്ള താൽപര്യം ഫെഡറേഷനെ അറിയിച്ചിട്ടുണ്ട്. ബിഡ് ക്ഷണിക്കുന്നതോടെ ഔദ്യോഗികമായി അപേക്ഷ നൽകും. ടൂർണമെന്റ് ലഭിച്ചാൽ വേദിയുടെ കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും,' കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാൻ വ്യക്തമാക്കി.

കേരളത്തിന് ആതിഥേയത്വം ലഭിക്കുകയാണെങ്കിൽ, സംസ്ഥാന ഫുട്‌ബോളിന് വലിയ ഉണർവും ആരാധകർക്ക് ദേശീയ ഫുട്‌ബോളിന്റെ ആവേശം സ്വന്തം മണ്ണിൽ ആസ്വദിക്കാനുള്ള അവസരവും ഒരുങ്ങും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam