കാസർകോട്: കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ കുടുംബം പരാതിയുമായി രംഗത്ത്. സ്ഥലംമാറ്റത്തിന് പിന്നാലെ ആശാലത കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഓഫീസിലെ പ്രശ്നങ്ങളും മാനസിക സമ്മർദവും വ്യക്തമാക്കുന്ന ആശാലതയുടെ ശബ്ദസന്ദേശവും പുറത്തുവന്നു.
ജൂലൈ 18ന് കുടുംബത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആശാലത അയച്ച ശബ്ദസന്ദേശമാണ് ഇപ്പോൾ പുറത്തുവന്നത്. ഓഫീസിലെയും വീട്ടിലെയും പ്രശ്നങ്ങൾ കാരണം മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് അനുഭവിക്കുന്നതായി സന്ദേശത്തിൽ പറയുന്നുണ്ട്. “ഞാൻ കുറച്ച് പ്രശ്നത്തിലാണ് ഉള്ളത്. ടെൻഷൻ ഉണ്ട്. ഓഫീസിലെ കാര്യവും വീട്ടിലെ കാര്യവുമായിട്ട്. എനിക്ക് മനസിനും ശരീരത്തിനും ബുദ്ധിമുട്ടുണ്ട്.”
ഭരണം മാറിയതിന് ശേഷം ഓഫീസിലെ പരിപാടികളിൽ നിന്ന് തന്നെ മാറ്റിനിർത്തിയിരുന്നുവെന്നും ഒറ്റപ്പെടുത്തുകയാണെന്നും ആശാലത ഒരാഴ്ച മുമ്പ് പറഞ്ഞിരുന്നതായി ഭർത്താവ് അജയൻ പറഞ്ഞു. രാഷ്ട്രീയത്തിന്റെ പേരിൽ തന്നെ നോട്ടപ്പുള്ളിയാക്കിയെന്ന് ആശാലത പറഞ്ഞിരുന്നതായി സഹോദരൻ വിജയ് കുമാറും ആരോപിച്ചു.
ആശാലതയുടെ മരണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ എഡിഎമ്മിന് നിർദേശം നൽകിയിരുന്നു. റവന്യൂ കമ്മീഷണറുമായും ജില്ലാ കളക്ടറുമായും സംസാരിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടിയെടുക്കുമെന്നും റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പ്രതികരിച്ചിരുന്നു.
ഈ മാസം ഏഴിനാണ് വിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ആശാലത മരിച്ചത്. ഓഫീസിലും വീട്ടിലും ഒറ്റപ്പെട്ടുപോയത് മാനസികമായി തളർത്തിയെന്നും ഇതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നും ആശാലതയുടെ മരണമൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽവെച്ച് പൊലീസിന് നൽകിയ മൊഴിയിലും വീട്ടിലെയും ഓഫീസിലെയും മാനസിക സമ്മർദമാണ് കാരണമായി പറഞ്ഞിട്ടുള്ളത്.
എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗവും കളക്ടറേറ്റിലെ അക്ഷര ലൈബ്രറി ഭാരവാഹിയുമായിരുന്നു ആശാലത. എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ആശാലതയെ രണ്ട് മാസം മുമ്പാണ് എൻഡോസൾഫാൻ സെല്ലിലേക്ക് മാറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
