രണ്ടുതവണ ലോക ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിന് വലിയ തിരിച്ചടി. 2027ൽ നടക്കാനിരിക്കുന്ന ഐ.സി.സി പുരുഷ ഏകദിന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടുന്നതിൽ വിൻഡീസ് പരാജയപ്പെട്ടു.
ഇനി യോഗ്യതാ മത്സരങ്ങൾ കളിച്ചാൽ മാത്രമേ വെസ്റ്റ് ഇൻഡീസിന് ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കാൻ സാധിക്കൂ. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് 2027 ഒക്ടോബർ-നവംബർ മാസങ്ങളിലാണ് നടക്കുന്നത്.
വെള്ളിയാഴ്ച നടന്ന അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ അഫ്ഗാനിസ്ഥാൻ 92 റൺസിന് വിജയിച്ചതോടെയാണ് വെസ്റ്റ് ഇൻഡീസിന്റെ നേരിട്ടുള്ള യോഗ്യതാ പ്രതീക്ഷകൾ അസ്തമിച്ചത്. ഈ ജയത്തോടെ അഫ്ഗാനിസ്ഥാൻ 2027 ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ഉറപ്പാക്കുകയും ചെയ്തു. 2019, 2023 ലോകകപ്പുകളിലും വെസ്റ്റ് ഇൻഡീസിന് നേരിട്ട് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല. 2019ൽ യോഗ്യതാ മത്സരങ്ങളിലൂടെ പ്രധാന ടൂർണമെന്റിൽ എത്തിയെങ്കിലും, 2023ൽ ക്വാളിഫയറിൽ അപ്രതീക്ഷിത തോൽവികൾ ഏറ്റുവാങ്ങി ഇന്ത്യയിൽ നടന്ന ലോകകപ്പിന് യോഗ്യത നേടാനാവാതെ ടീം പുറത്തായിരുന്നു.
2027 ലോകകപ്പ് യോഗ്യതാ നിയമങ്ങൾ അനുസരിച്ച്, ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്കും സിംബാബ്‌വെക്കും നേരിട്ട് പ്രവേശനം ലഭിക്കും. ബാക്കിയുള്ള എട്ട് നേരിട്ടുള്ള യോഗ്യതാ സ്ഥാനങ്ങൾ 2026 സെപ്തംബർ 30ലെ ഐ.സി.സി ഏകദിന റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. നിലവിൽ ഐ.സി.സി ഏകദിന റാങ്കിങ്ങിൽ അഫ്ഗാനിസ്ഥാൻ എട്ടാമതും ബംഗ്ലാദേശ് ഒൻപതാമതും വെസ്റ്റ് ഇൻഡീസ് പത്താമതുമാണ്.
എന്നാൽ, റാങ്കിങ്ങിൽ 11-ാം സ്ഥാനത്തുള്ള സിംബാബ്‌വെയ്ക്ക് ആതിഥേയർ എന്ന നിലയിൽ നേരിട്ട് യോഗ്യതയുള്ളതിനാൽ, റാങ്കിങ്ങിലെ ആദ്യ 9 സ്ഥാനക്കാർക്കാണ് (ദക്ഷിണാഫ്രിക്ക ഉൾപ്പെടെ) ലോകകപ്പ് ടിക്കറ്റ് ലഭിക്കുക. സെപ്തംബർ 30നകം ആദ്യ 9 സ്ഥാനങ്ങളിലേക്ക് എത്താൻ വെസ്റ്റ് ഇൻഡീസിന് ഇനി സാധിക്കില്ല.
സെപ്തംബർ-ഒക്ടോബർ മാസങ്ങളിലായി ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ മികച്ച വിജയം നേടിയാലും റാങ്കിങ്ങിൽ മാറ്റമുണ്ടാകില്ല. സെപ്തംബർ 27, 30 തീയതികളിൽ തിരുവനന്തപുരത്തും ഗുവാഹത്തിയിലുമാണ് ആദ്യ രണ്ട് ഏകദിനങ്ങൾ നടക്കുന്നത്. ഈ മത്സരങ്ങളിൽ ഇന്ത്യയെ തോൽപ്പിച്ചാൽ പോലും സെപ്തംബർ 30നകം ആദ്യ ഒൻപതിലേക്ക് മുന്നേറാൻ വെസ്റ്റ് ഇൻഡീസിന് കഴിയില്ല.
വെസ്റ്റ് ഇൻഡീസിനൊപ്പം അയർലൻഡിനും ഇനി യോഗ്യതാ റൗണ്ട് കളിക്കേണ്ടിവരും. അഫ്ഗാനിസ്ഥാനെതിരായ പരമ്പര 5-0 ന് വിജയിച്ചാൽ മാത്രമേ അയർലൻഡിന് നേരിട്ടുള്ള യോഗ്യതയ്ക്ക് സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാൽ ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെടുകയും രണ്ടാം മത്സരത്തിൽ തോൽക്കുകയും ചെയ്തതോടെ അയർലൻഡിന്റെ പ്രതീക്ഷകളും അസ്തമിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
