മുംബൈ: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തിനൊപ്പം നിരവധി വിവാദങ്ങളുണ്ടായി. ഡ്രസ്സിംഗ് റൂം ചാറ്റുകള്‍ ചോര്‍ന്നതും ആര്‍ അശ്വിന്റെ അത്ര രസകരമല്ലാത്ത വിരമിക്കലും കോഹ്ലിയുടെയും രോഹിത്തിന്റെയും പ്രകടനവുമെല്ലാം ചര്‍ച്ചയായി. ഇപ്പോള്‍ പര്യടനത്തിനിടെ ഒരു സീനിയര്‍ താരം ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോയ ലഗേജുകളാണ് ചര്‍ച്ചയായിരിക്കുന്നത്.
ഓസ്ട്രേലിയയിലേക്കുള്ള പര്യടനത്തില്‍ ഈ കളിക്കാരന്‍ 27 ബാഗുകളാണ് കൊണ്ടുപോയത്. ബാഗുകളില്‍ ചിലത് താരത്തിന്റെ കുടുംബത്തിന്റെയും പേഴ്സണല്‍ അസിസ്റ്റന്റുകളുടെയും വകയായിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം ലഗേജില്‍ 17 ബാറ്റുകള്‍ ഉള്‍പ്പെടുന്നു. കളിക്കാരന്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററാണെന്ന് ഇത് സൂചിപ്പിക്കുന്നു. 27 ബാഗുകള്‍ക്കും കൂടി 250 കിലോയിലേറെ ഭാരം വരും. താരത്തിന്റെ ലഗേജുകള്‍ക്ക് വലിയ തുക വിമാനക്കമ്പനിക്ക് നല്‍കേണ്ടി വന്നു.
ഓസ്ട്രേലിയയില്‍ താരം ഒരു നഗരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് യാത്ര ചെയ്തു. ബാഗുകളുടെ നീക്കത്തിനും പണം നല്‍കാതെ ബിസിസിഐക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു. കൃത്യമായ തുക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചെലവ് ലക്ഷങ്ങള്‍ വരുമെന്നാണ് കരുതുന്നത്.
പര്യടനത്തിലുണ്ടായിരുന്ന മറ്റ് കളിക്കാരെയും ഇത് ബാധിക്കാന്‍ തുടങ്ങി. അവരില്‍ ചിലരും കൂടുതല്‍ ബാഗുകളുമായി യാത്ര ചെയ്യാനാരംഭിച്ചു. ഇതോടെ ബിസിസിഐ തങ്ങളുടെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി. വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഒരു കളിക്കാരനെ 150 കിലോയില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകാന്‍ അനുവദിക്കില്ല. പരിധി കവിഞ്ഞാല്‍, കളിക്കാരന്‍ തന്റെ പോക്കറ്റില്‍ നിന്ന് ചെലവ് വഹിക്കണം.
ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുന്നതോടെ നിയമങ്ങള്‍ പൂര്‍ണമായി നിലവില്‍ വരും. 25 ദിവസത്തില്‍ കൂടുതല്‍ ദുബായില്‍ തങ്ങാത്തതിനാല്‍ കുടുംബങ്ങളെ കൂടെ കൊണ്ടുപോകാനാവില്ലെന്ന് താരങ്ങളെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ചട്ടങ്ങള്‍ അനുസരിച്ച്, 45 ദിവസമോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്ന ടൂറുകളില്‍ കുടുംബങ്ങള്‍ക്ക് രണ്ടാഴ്ച വരെ കളിക്കാരോടൊപ്പം ഉണ്ടായിരിക്കാം. കോച്ച് ഗൗതം ഗംഭീറിന്റെ അസിസ്റ്റന്റുകളെയും പര്യടനത്തിന് കൊണ്ടുപോകാന്‍ വിലക്കുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്