ന്യൂഡെല്‍ഹി: 27 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയെ പരാജയപ്പെടുത്തി അധികാരത്തിലേക്കെത്തുന്ന ബിജെപി മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. രാംലീല മൈതാനിയില്‍ വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ക്ഷണക്കത്ത് പാര്‍ട്ടി അയച്ചുകഴിഞ്ഞു. എങ്കിലും വിവിധ കാരണങ്ങളാല്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് വൈകുകയാണ്.
തെരഞ്ഞെടുപ്പ് ഫലം വന്ന് പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം, പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പാര്‍ട്ടിയുടെ ഡെല്‍ഹി യൂണിറ്റ് ഓഫീസില്‍ നിയമസഭാ കക്ഷി യോഗം ചേരും. എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത ശേഷം അദ്ദേഹം ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയെ അദ്ദേഹത്തിന്റെ വസതിയില്‍ കണ്ട് അധികാരത്തിന് അവകാശവാദം ഉന്നയിക്കും.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ നിയമസഭാ കക്ഷി യോഗത്തിന്റെ നിരീക്ഷകരെ തീരുമാനിക്കാന്‍ പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന സംവിധാനമായ പാര്‍ലമെന്ററി ബോര്‍ഡ് ഉച്ചയ്ക്ക് യോഗം ചേരും.
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ നടത്തിയ ഫ്രാന്‍സ്, യുഎസ് സന്ദര്‍ശനങ്ങളാണ് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് വൈകാന്‍ ഇടയാക്കിയത്. പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന സുപ്രധാന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.
ന്യൂഡെല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേഷ് വര്‍മ, മുന്‍ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത, രേഖാ ഗുപ്ത, ആശിഷ് സൂദ്, സതീഷ് ഉപാധ്യായ, ജിതേന്ദര്‍ മഹാജന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ രാംലീല മൈതാനത്ത് ഏതാണ്ട് പൂര്‍ത്തിയായി. മൂന്ന് വലിയ സ്റ്റേജുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന എന്നിവര്‍ പ്രധാന വേദിയില്‍ ഇരിക്കും.
രണ്ടാം വേദിയില്‍ മതനേതാക്കള്‍ക്ക് ഇരിക്കാന്‍ ഇടമുണ്ടാകും. ഡെല്‍ഹിയിലെ നിലവിലെ എംപിമാരും തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരും മൂന്നാം വേദിയില്‍ ഇരിക്കും. വേദിക്ക് താഴെ സിനിമാ താരങ്ങള്‍ക്ക് ഇടം നല്‍കിയിട്ടുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിക്കും. ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയുക്ത മുഖ്യമന്ത്രിക്ക് 12.35 ന് സത്യവാചകം ചൊല്ലിക്കൊടുക്കും. ഉച്ചയ്ക്ക് ഒന്നിന് ചടങ്ങുകള്‍ സമാപിക്കും. പ്രോട്ടോക്കോള്‍ അനുസരിച്ച്, പരിപാടിയില്‍ പങ്കെടുക്കാന്‍ എഎപി തലവന്‍ അരവിന്ദ് കെജ്രിവാളിനും കാവല്‍ മുഖ്യമന്ത്രി അതിഷിക്കും ക്ഷണമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്