ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡെല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി യുകെ മുന്‍ പ്രധാനമന്ത്രി ഋഷി സുനകും കുടുംബവും. പാര്‍ലമെന്റും താജ്മഹാളും സന്ദര്‍ശിച്ച ശേഷമാണ് സുനകും കുടുംബവും മോദിയെ കാണാനെത്തിയത്.
'മുന്‍ യുകെ പ്രധാനമന്ത്രി ഋഷി സുനകിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കണ്ടുമുട്ടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്! ഞങ്ങള്‍ പല വിഷയങ്ങളിലും ചര്‍ച്ച നടത്തി. സുനക് ഇന്ത്യയുടെ മികച്ച സുഹൃത്താണ്. ശക്തമായ ഇന്ത്യ-യുകെ ബന്ധങ്ങളില്‍ അദ്ദേഹത്തിന് അഭിനിവേശമുണ്ട്,' പ്രധാനമന്ത്രി മോദി എക്സില്‍ പോസ്റ്റ് ചെയ്തു.
ബുധനാഴ്ച, സുനക് തലേക്ക് പറഞ്ഞു, 'എന്നെയും കുടുംബത്തെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്തതിന് നന്ദി! ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് കേള്‍ക്കുന്നത് എല്ലായ്‌പ്പോഴും ആവേശകരമാണ്. മാത്രമല്ല യുകെ-ഇന്ത്യ ബന്ധം കരുത്തില്‍ നിന്ന് കരുത്തിലേക്ക് പോകുകയാണ്' സുനക് എക്‌സില്‍ എഴുതി.
ലോക്സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം ഋഷി സുനക് തന്റെ ഭാര്യ അക്ഷത മൂര്‍ത്തി, പെണ്‍മക്കളായ കൃഷ്ണ, അനുഷ്‌ക എന്നിവര്‍ക്കൊപ്പമാണ് പാര്‍ലമെന്റ് ഹൗസ് സന്ദര്‍ശിച്ചത്. രാജ്യസഭാംഗവും അക്ഷതയുടെ മാതാവുമായ സുധാ മൂര്‍ത്തിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ലോക്സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിംഗ് സുനക്കിനെയും കുടുംബത്തെയും സ്വാഗതം ചെയ്തു. രാജ്യസഭാ സെക്രട്ടറി ജനറല്‍ പി സി മോദിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഋഷി സുനക് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തി. വിപണി അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വളര്‍ച്ചയെ നയിക്കുന്നതിനുമുള്ള പുതിയ വഴികള്‍ ചര്‍ച്ച ചെയ്തതായി ധനമന്ത്രാലയം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്