പനാമ സിറ്റി: ലാറ്റിനമേരിക്കന്‍ രാജ്യമായ പനാമയിലേക്ക് അമേരിക്ക നാടുകടത്തിയ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ പനാമയിലെ അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഇന്ത്യ. കുടിയേറ്റക്കാര്‍ തടങ്കലില്‍ വച്ചിരിക്കുന്ന ഹോട്ടലില്‍ സുരക്ഷിതരാണെന്ന് പനാമയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
'ഒരു കൂട്ടം ഇന്ത്യക്കാര്‍ യുഎസില്‍ നിന്ന് പനാമയില്‍ എത്തിയിട്ടുണ്ടെന്നും എല്ലാ അവശ്യ സൗകര്യങ്ങളുമുള്ള ഒരു ഹോട്ടലില്‍ അവര്‍ സുരക്ഷിതരാണെന്നും പനാമ അധികൃതര്‍ ഞങ്ങളെ അറിയിച്ചിട്ടുണ്ട്. എംബസി ടീമിന് കോണ്‍സുലര്‍ പ്രവേശനം ലഭിച്ചു. അവരുടെ ക്ഷേമം ഉറപ്പാക്കാന്‍ ഞങ്ങള്‍ ആതിഥേയ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു,' എംബസി എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട ഇറാന്‍, ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 300 ഓളം വ്യക്തികളെ പനാമയിലെ ഒരു ഹോട്ടലില്‍ അടച്ചിട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. നാടുകടത്തപ്പെട്ടവരില്‍ ചിലര്‍ അവരുടെ ഹോട്ടല്‍ മുറിയുടെ ജനാലകളില്‍ സഹായം തേടിയുള്ള സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
എന്നിരുന്നാലും, കുടിയേറ്റക്കാരെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി തടവിലാക്കിയെന്ന ആരോപണം പനാമ നിഷേധിച്ചു. പനാമയും യുഎസും തമ്മിലുള്ള മൈഗ്രേഷന്‍ കരാറിന്റെ ഭാഗമായി യുഎസില്‍ നിന്നുള്ള ഈ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഹോട്ടലില്‍ വൈദ്യസഹായവും ഭക്ഷണവും ലഭിക്കുന്നുണ്ടെന്ന് പനാമയുടെ സുരക്ഷാ മന്ത്രി ഫ്രാങ്ക് അബ്രെഗോ പറഞ്ഞു. ചില രാജ്യങ്ങളിലേക്ക് വ്യക്തികളെ നേരിട്ട് നാടുകടത്തുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കാരണം, നാടുകടത്തപ്പെട്ടവര്‍ക്കുള്ള ഒരു ട്രാന്‍സിറ്റ് രാജ്യമായാണ് യുഎസ് പനാമയെ ഉപയോഗിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്