ന്യൂഡല്‍ഹി: വ്യാഴാഴ്ച അധികാരത്തിലേറിയ ഡല്‍ഹിയിലെ ബി.ജെ.പി സർക്കാറില്‍ ധനം, റവന്യൂ, വനിതാ ശിശുവികസനം ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ മേല്‍നോട്ടം മുഖ്യമന്ത്രി രേഖ ഗുപ്ത തന്നെ നിർവഹിക്കും.
മുതിർന്ന നേതാവ് ആശിഷ് സൂഡിന് ആഭ്യന്തരം, ഊർജ്ജം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ ചുമതല നൽകി. മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി പർവേഷ് വർമ്മയ്ക്ക് ജലസേചന, പൊതുമരാമത്ത് വകുപ്പുകളുടെ ചുമതല നൽകി.
ആദ്യമായി നിയമസഭയിലെത്തിയ പങ്കജ് കുമാർ സിങ്ങിന് ആരോഗ്യ, ഗതാഗത വകുപ്പുകൾ നൽകി. വിവാദ ഹിന്ദുത്വ നിലപാടുകളിലൂടെ വാർത്തകളിൽ ഇടം നേടിയ കപിൽ ശർമ്മയ്ക്ക് നിയമ, തൊഴിൽ വകുപ്പുകളുടെ ചുമതല നൽകി.
മന്ത്രിമാരും പ്രധാന വകുപ്പുകളും
രേഖ ഗുപ്ത (മുഖ്യമന്ത്രി)- ധനം, ആസൂത്രണം, റവന്യൂ, വനിതാ ശിശുവികസനം, സർവീസസ്, ലാൻഡ് ആൻഡ് ബില്‍ഡിങ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ, വിജിലൻസ്, പൊതുഭരണം, മറ്റു മന്ത്രിമാർക്ക് നല്‍കാത്ത വകുപ്പുകള്‍
പർവേശ് വർമ (ഉപമുഖ്യമന്ത്രി) - പൊതുമരാമത്ത്, നിയമസഭ, ജലം, ജലസേചനം-പ്രളയ നിയന്ത്രണം, ഗുരുദ്വാര തെരഞ്ഞെടുപ്പ്. ജാട്ട് വിഭാഗത്തില്‍ നിന്നുള്ള മന്ത്രിയാണ് പർവേശ് വർമ. ഡല്‍ഹി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനായ അദ്ദേഹം പടിഞ്ഞാറൻ ഡല്‍ഹിയില്‍ നിന്ന് രണ്ട് തവണ എം.പിയായിട്ടുണ്ട്.
ആശിഷ് സൂദ്- ആഭ്യന്തരം, ഊർജം, വിദ്യാഭ്യാസം. പഞ്ചാബി സമുദായത്തെ പ്രതിനിധീകരിക്കുന്ന 59 കാരനായ ആശിഷ് സൂദ് ജനക്പുരിയില്‍ നിന്നുള്ള എം.എല്‍.എയാണ്.
മജീന്ദർ സിങ് സിർസ- ഭക്ഷ്യ-പൊതുവിതരണം, വനം-പരിസ്ഥിതി, വ്യവസായം. 58 കാരനായ മഞ്ജീന്ദർ സിങ് ഡല്‍ഹിയിലെ സിഖ് സമുദായത്തില്‍ നിന്നുള്ള മന്ത്രിയാണ്. ബി.ജെ.പി ദേശീയ സെക്രട്ടറിയായ അദ്ദേഹം ഡല്‍ഹി സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ പ്രസിഡൻറ് കൂടിയാണ്.
രവീന്ദർ സിങ്- സാമൂഹിക ക്ഷേമം, പട്ടിക ജാതി-പട്ടിക വർഗ ക്ഷേമം, സഹകരണം, തെരഞ്ഞെടുപ്പ്. മുൻ എം.എല്‍.എ ഇന്ദ്രജ് സിങ്ങിന്‍റെ മകനായ രവീന്ദർ ഇന്ദ്രജ് സിങ് പുതിയ മന്ത്രിസഭയിലെ ദളിത് മുഖമാണ്. ബവാന സീറ്റില്‍ നിന്ന് വിജയിച്ച അദ്ദേഹം ബി.ജെ.പി എസ്.സി മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്.
കപില്‍ മിശ്ര- നിയമം, തൊഴില്‍, വികസനം, ടൂറിസം, സാംസ്കാരികം. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് കപില്‍ മിശ്ര. 44 കാരനായ കപില്‍ മിശ്രയുടെ ഡല്‍ഹി മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവാണിത്. അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതി ആരോപിച്ച് എ.എ.പി സർക്കാറില്‍ നിന്ന് രാജിവെച്ചാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്