ന്യൂഡെല്‍ഹി: ന്യൂഡെല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ റെയില്‍വേയെ രൂക്ഷമായി വിമര്‍ശിച്ച് ഡെല്‍ഹി ഹൈക്കോടതി. ട്രെയിനുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ ആളുകള്‍ക്ക് ടിക്കറ്റുകള്‍ വില്‍ക്കുന്നതെന്തിനാണെന്ന് കോടതി ചോദിച്ചു.
ഭാവിയില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ തിക്കും തിരക്കും ഉണ്ടാകാതിരിക്കാന്‍ സുരക്ഷാ നടപടികള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായ, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
'ഒരു കോച്ചില്‍ ഉള്‍ക്കൊള്ളേണ്ട യാത്രക്കാരുടെ എണ്ണം നിങ്ങള്‍ നിശ്ചയിച്ചാല്‍, നിങ്ങള്‍ എന്തിനാണ് കൂടുതല്‍ ടിക്കറ്റ് വില്‍ക്കുന്നത്? എന്തുകൊണ്ടാണ് വിറ്റ ടിക്കറ്റുകളുടെ എണ്ണം ആ സംഖ്യ കവിയുന്നത്? അത് ഒരു പ്രശ്‌നമാണ്,' ബെഞ്ച് പറഞ്ഞു.
'അന്ന് സ്റ്റേഷനില്‍ എത്ര ലക്ഷം ആളുകള്‍ ഉണ്ടായിരുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാമോ? അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച് അത്തരത്തിലുള്ള ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കില്ല. അശ്രദ്ധ അവകാശപ്പെടാന്‍ ഇത് റെയില്‍വേ അപകടം പോലെയല്ല,' ജസ്റ്റിസ് ഗെഡേല പറഞ്ഞു.
റെയില്‍വേ നിയമത്തിലെ 57-ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് പരമാവധി യാത്രക്കാരെ നിശ്ചയിക്കാനും പ്ലാറ്റ്‌ഫോം ടിക്കറ്റ് വില്‍പ്പന പരിശോധിക്കാനും റെയില്‍വേയോട് ഹൈക്കോടതി ഉത്തരവിട്ടത്.
'ഇപ്പോള്‍ സ്റ്റേഷനില്‍ പോയാല്‍, പ്ലാറ്റ്‌ഫോം ടിക്കറ്റും ട്രെയിന്‍ ടിക്കറ്റും ഇല്ലാതെ വലിയ ആള്‍ക്കൂട്ടത്തെ കാണാം. പ്ലാറ്റ്‌ഫോം ടിക്കറ്റ് വേണമെന്ന റെയില്‍വേയുടെ സര്‍ക്കുലര്‍ പാലിക്കുന്നില്ല. റെയില്‍വേ സ്വന്തം നിയമങ്ങള്‍ പാലിച്ചിരുന്നെങ്കില്‍, ഒരുപാട് കാര്യങ്ങള്‍ തടയാമായിരുന്നു.' ഹര്‍ജിയില്‍ പറയുന്നു.
ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ റെയില്‍വേയുടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടാകരുതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്