ലക്‌നൗ: മഹാ കുംഭമേള നടക്കുന്ന പ്രയാഗ്രാജിലെ ജലം മുങ്ങിക്കുളിക്കാന്‍ യോഗ്യമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജലം മലിനമാണെന്നത് പ്രതിപക്ഷത്തിന്റെ കുപ്രചാരണമാണെന്ന് യോഗി കുറ്റപ്പെടുത്തി. പ്രയാഗ്രാജില്‍ ഗംഗയില്‍ ഇ-കോളിഫോം ബാക്ടീരിയയുടെ അളവ് കണ്ടെത്തിയെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ആദിത്യനാഥിന്റെ പരാമര്‍ശം.
56.25 കോടിയിലധികം ഭക്തര്‍ ഇതിനകം മഹാകുംഭത്തില്‍ പുണ്യസ്‌നാനം നടത്തിയെന്നും നിരവധി സെലിബ്രിറ്റികളടക്കം ക്രമീകരണങ്ങളെ പ്രശംസിച്ചെന്നും ഉത്തര്‍പ്രദേശ് നിയമസഭയില്‍ സംസാരിച്ച ആദിത്യനാഥ് പറഞ്ഞു. സനാതന ധര്‍മ്മത്തിനോ ഗംഗാ മാതാവിനോ ഇന്ത്യയ്ക്കോ മഹാകുംഭമേളയ്‌ക്കോ എതിരെ എന്തെങ്കിലും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയോ വ്യാജ വീഡിയോകള്‍ കാണിക്കുകയോ ചെയ്യുമ്പോള്‍ അത് ഈ 56 കോടി ജനങ്ങളുടെ വിശ്വാസത്തില്‍ തൊട്ടുകളിക്കുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗംഗയില്‍ ബയോളജിക്കല്‍ ഓക്സിജന്‍ ഡിമാന്‍ഡ് (ബിഒഡി) ലെവല്‍ 3 മില്ലിഗ്രാം/ലിറ്ററില്‍ താഴെയാണെന്നും ഡിസോള്‍വ്ഡ് ഓക്സിജന്‍ (ഡിഒ) അളവ് 5 മില്ലിഗ്രാം/ലിറ്ററില്‍ നിന്ന് 9 മില്ലിഗ്രാം/ലിറ്ററായി മെച്ചപ്പെട്ടുവെന്നും ബുധനാഴ്ചത്തെ ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് (യുപിസിബി) റിപ്പോര്‍ട്ട് ഉദ്ധരിച്ച് ആദിത്യനാഥ് പറഞ്ഞു.
സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, മഹാ കുംഭമേളയില്‍ ഇത്രയും പണം ചെലവാക്കേണ്ടതിന്റെ ആവശ്യമെന്തെന്ന് ചോദിച്ചു. അനാവശ്യം എന്നാണ് ലാലു പ്രസാദ് യാദവ് പറഞ്ഞത്. തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി മൃത്യു കുംഭെന്ന് അവഹേളിച്ചു. സനാതന ധര്‍മവുമായി ബന്ധപ്പെട്ട പരിപാടികള്‍ മഹാപരാധമാണെങ്കില്‍ താന്‍ ഇനിയും ആ അപരാധം ചെയ്യുമെന്നും യോഗി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്