ന്യൂഡെല്‍ഹി: രേഖ ഗുപ്തയെ ഡെല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി തിരഞ്ഞെടുത്തു. ഡെല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാകുന്ന രേഖ ഗുപ്ത നാളെ ചരിത്രപ്രസിദ്ധമായ രാംലീല ഗ്രൗണ്ടില്‍ സത്യപ്രതിജ്ഞ ചെയ്യും.
ഷാലിമാര്‍ ബാഗ് സീറ്റില്‍ ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരി, കോണ്‍ഗ്രസിന്റെ പര്‍വീണ്‍ കുമാര്‍ ജെയിന്‍ എന്നിവര്‍ക്കെതിരെയാണ് രേഖ ഗുപ്ത വിജയിച്ചത്. 29,595 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മഹിളാ മോര്‍ച്ച ദേശീയ ഉപാധ്യക്ഷ കൂടിയായ രേഖയുടെ വിജയം.
തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിന് ബിജെപി നേതൃത്വത്തിന് രേഖ ഗുപ്ത നന്ദി പറഞ്ഞു. ഡെല്‍ഹി ജനതയുടെ ക്ഷേമത്തിനായി പൂര്‍ണ്ണ സത്യസന്ധതയോടും അര്‍പ്പണബോധത്തോടും കൂടി പ്രവര്‍ത്തിക്കുമെന്ന് രേഖ പറഞ്ഞു.
ആദ്യമായി എംഎല്‍എയായ രേഖ ഗുപ്ത ഡെല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. മൂന്ന് തവണ മുനിസിപ്പല്‍ കൗണ്‍സിലറായി സേവനമനുഷ്ഠിച്ച അവര്‍ മുമ്പ് സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ (എസ്ഡിഎംസി) മേയറായിരുന്നു.
സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവര്‍ക്ക് ശേഷം ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാകും രേഖ ഗുപ്ത. നാളെ രാംലീല മൈതാനത്ത് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രമുഖ ബിജെപി നേതാക്കള്‍ പങ്കെടുക്കും. ആത്മീയ നേതാക്കളും ബോളിവുഡ് താരങ്ങളും ബിജെപി എംപിമാരും എംഎല്‍എമാരും സംബന്ധിക്കും. 27 വര്‍ഷത്തിന് ശേഷമാണ് ബിജെപി ഡെല്‍ഹിയില്‍ അധികാരത്തിലേക്കെത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്