ന്യൂഡെല്‍ഹി: മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള പുതിയ ഡെല്‍ഹി സര്‍ക്കാരില്‍ മുന്‍ ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് കപില്‍ മിശ്ര ഉള്‍പ്പെടെ ആറ് കാബിനറ്റ് മന്ത്രിമാര്‍. ബിജെപി എംഎല്‍എമാരായ പര്‍വേഷ് സാഹിബ് സിംഗ് വര്‍മ, ആശിഷ് സൂദ്, മഞ്ജീന്ദര്‍ സിംഗ് സിര്‍സ, രവീന്ദര്‍ ഇന്ദ്രജ്, കപില്‍ മിശ്ര, പങ്കജ് കുമാര്‍ സിംഗ് എന്നിവരെ ഡെല്‍ഹി സര്‍ക്കാരിന്റെ മന്ത്രിമാരായി രാഷ്ട്രപതി ദ്രൗപതി മുര്‍മു നിയമിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് പ്രമുഖരും പങ്കെടുത്ത രാംലീല ഗ്രൗണ്ടില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ രേഖ ഗുപ്തയ്ക്കൊപ്പം ആറ് ക്യാബിനെറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
രണ്ട് തവണ ബിജെപി എംപിയായ പര്‍വേഷ് വര്‍മ ന്യൂഡെല്‍ഹി സീറ്റില്‍ നിന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. ദേശീയ തലസ്ഥാനത്തെ പ്രമുഖ ജാട്ട് നേതാവാണ് വര്‍മ്മ. മുന്‍ ഡെല്‍ഹി മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മ്മയുടെ മകനായ അദ്ദേഹം സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയാവും.
മുന്‍ അരവിന്ദ് കെജ്രിവാള്‍ മന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയായിരുന്ന കപില്‍ മിശ്ര അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് 2019 ലാണ് എഎപി വിട്ട് ബിജെപിയിലെത്തിയത്. കരാവല്‍ നഗര്‍ സീറ്റീല്‍ നിന്നാണ് അദ്ദേഹം ഇത്തവണ വിജയിച്ചു വന്നിരിക്കുന്നത്.
ബിജെപിയുടെ ദേശീയ തലസ്ഥാനത്തെ സിഖ് മുഖമാണ് മഞ്ജീന്ദര്‍ സിംഗ് സിര്‍സ. രജേറി ഗാര്‍ഡന്‍ സീറ്റില്‍ നിന്നാണ് മുന്‍ ശിരോമണി അകാലിദള്‍ നേതാവായ സിര്‍സ വിജയിച്ചിരിക്കുന്നത്. ഡെല്‍ഹിയിലെ പഞ്ചാബി സമൂഹത്തിന്റെ നേതാവായ ആശിഷ് സൂദിനും ക്യാബിനെറ്റ് പദവി നല്‍കിയിട്ടുണ്ട്.
വികാസ്പുരിയില്‍ നിന്നും ആദ്യമായി വിജയിച്ചു വന്ന പങ്കജ് കുമാര്‍ സിംഗിനും അപ്രതീക്ഷിതമായി ക്യാബിനെറ്റ് പദവി ലഭിച്ചു. പൂര്‍വാഞ്ചലി (വടക്കു കിഴക്കന്‍ മേഖല) മേഖലയില്‍ നിന്നുള്ള നേതാവായ അദ്ദേഹം ദന്തഡോക്ടറാണ്. ദളിത് നേതാവായ രവീന്ദര്‍ ഇന്ദ്രജ് സിംഗാണ് ക്യാബ്‌നെറ്റ് പദവി ലഭിച്ച ആറാമത്തെയാള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്