പരിക്കിൽ നിന്ന് മോചിതനായി മെസ്സി മടങ്ങിയെത്തി; സൗഹൃദ മത്സരത്തിൽ ഐസ്‌ലൻഡിനെ തകർത്ത് അർജന്റീന

JUNE 10, 2026, 3:55 AM

ഫിഫ ലോകകപ്പിന് തൊട്ടുമുമ്പ് സൂപ്പർ താരം ലയണൽ മെസ്സിയുടെ ഫിറ്റ്‌നസിനെക്കുറിച്ചുള്ള ആശങ്കകൾക്ക് വിരാമം. പരിക്കിൽ നിന്ന് പൂർണ്ണമുക്തനായി മൈതാനത്തേക്ക് തിരിച്ചെത്തിയ ക്യാപ്റ്റൻ മെസ്സി ഗോളോടെ വരവറിയിച്ച മത്സരത്തിൽ, ഐസ്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന. ലോകകപ്പിന് മുന്നോടിയായുള്ള അർജന്റീനയുടെ അവസാന പരിശീലന മത്സരമായിരുന്നു ഇത്.

അമേരിക്കയിലെ അലബാമയിൽ നടന്ന മത്സരത്തിൽ മെസ്സി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളെ ബെഞ്ചിലിരുത്തിയാണ് കോച്ച് ലയണൽ സ്കലോണി ആദ്യ ഇലവനെ പരീക്ഷിച്ചത്. മെയ് 24-ന് നടന്ന ഇന്റർ മയാമി മത്സരത്തിനിടെ പേശിവലിവും ഹാംസ്ട്രിങ് പരിക്കും നേരിട്ടതിനെ തുടർന്ന് മെസ്സി വിശ്രമത്തിലായിരുന്നു. ഇതാണ് ലോകകപ്പിലെ താരത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് ആശങ്കകൾ ഉയർത്തിയത്.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഐസ്‌ലൻഡ് താരം മൈക്കൽ എഗിൽ എല്ലെർട്‌സൺ ലഭിച്ച ഒരു മികച്ച അവസരം നഷ്ടമാക്കിയതോടെ അർജന്റീന തടിയൂരി. എന്നാൽ തൊട്ടുപിന്നാലെ ലാറ്റിനമേരിക്കൻ കരുത്തർ കളിയിലേക്ക് തിരിച്ചുവന്നു.ഐസ്‌ലൻഡ് ബോക്‌സിനുള്ളിലുണ്ടായ ഒരു മുന്നേറ്റത്തിനൊടുവിൽ പ്രതിരോധ താരം വാലന്റീൻ ബാർക്കോയാണ് അർജന്റീനയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്.

vachakam
vachakam
vachakam

യുവതാരം നിക്കോ പാസിന് ലഭിച്ച അവസരം കൈവിട്ടപ്പോൾ, ഐസ്‌ലൻഡ് ഗോൾകീപ്പർ ഏലിയാസ് ഒലാഫ്സന്റെ മികച്ച സേവുകളും അർജന്റീനയെ തടഞ്ഞു.രണ്ടാം പകുതിയിൽ എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ, ലൗട്ടാരോ മാർട്ടിനസ് എന്നിവരെ സ്കലോണി മൈതാനത്തിറക്കി. ലൗട്ടാരോയ്ക്ക് ലഭിച്ച രണ്ട് മികച്ച അവസരങ്ങൾ നിർഭാഗ്യം കൊണ്ട് പോസ്റ്റിലിടിച്ച് തെറിക്കുകയായിരുന്നു.

മത്സരത്തിന്റെ 70-ാം മിനിറ്റിൽ 39-കാരനായ ലയണൽ മെസ്സി പകരക്കാരനായി മൈതാനത്തേക്ക് പ്രവേശിച്ചതോടെ ഗാലറി ഒന്നടങ്കം ഇളകിമറിഞ്ഞു. മൈതാനത്തെത്തിയ ഉടൻ തന്നെ തന്റെ മനോഹരമായ പാസുകളിലൂടെ ഐസ്‌ലൻഡ് പ്രതിരോധത്തെ മെസ്സി സമ്മർദ്ദത്തിലാക്കി.

തുടർന്ന് ബോക്‌സിനുള്ളിലേക്ക് കുതിച്ച ലൗട്ടാരോ മാർട്ടിനസിനെ ഐസ്‌ലൻഡ് താരം ഫൗൾ ചെയ്തതിന് അർജന്റീനയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്ക് എടുത്ത നായകൻ മെസ്സി പന്ത് അനായാസം വലയിലാക്കി (2-0).

vachakam
vachakam
vachakam

അർജന്റീന ജേഴ്സിയിൽ മെസ്സിയുടെ 117-ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. പരിക്കിന് ശേഷമുള്ള ആദ്യ ഗോളും. രണ്ടാം ഗോളിന് ശേഷവും അർജന്റീന ആക്രമണം തുടർന്നു. മെസ്സി തുടക്കമിട്ട നീക്കത്തിനൊടുവിൽ റോഡ്രിഗോ ഡി പോളും തിയാഗോ അൽമാഡയും ചേർന്ന് നടത്തിയ മുന്നേറ്റമാണ് അർജന്റീനയുടെ മൂന്നാം ഗോളിന് വഴിയൊരുക്കിയത്. അൽമാഡയാണ് ലക്ഷ്യം കണ്ടത്. ഈ തകർപ്പൻ ജയത്തോടെ നിലവിലെ ലോക ചാമ്പ്യന്മാർ പൂർണ്ണ ആത്മവിശ്വാസത്തോടെ ലോകകപ്പ് പോരാട്ടങ്ങളിലേക്ക് കടക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam