ഓസ്‌ട്രേലിയൻ മണ്ണിൽ ഓസ്‌ട്രേലിയക്കെതിരെ കന്നി സെഞ്ചുറി പൂർത്തിയാക്കി ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം താരത്തിന് 40 സെഞ്ചുറിയായി. 181 പന്തുകൾ നേരിട്ട താരം 11 ബൗണ്ടറി ഉൾപ്പടെയാണ് സെഞ്ചുറി തികച്ചത്.
2012 ഡിസംബർ 13ന് ഇന്ത്യക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ജോ റൂട്ടിന് 13 വർഷം നീണ്ട കരിയറിൽ ഓസീസ് മണ്ണിൽ സെഞ്ചുറി അടിക്കാൻ സാധിച്ചിരുന്നില്ല. 50ന് മുകളിൽ ശരാശരിയിൽ 13,550ലേറെ റൺസുണ്ടായിട്ടും സെഞ്ചുറി നേടാൻ കഴിയാത്തതിന് താരം വലിയ രീതിയിൽ വിമർശനങ്ങൾ നേരിട്ടിരുന്നു.
ബ്രിസ്‌ബെയ്‌നിലെ ഗാബയിൽ നേടിയ സെഞ്ചുറിയോടെ വിമർശകർക്ക് മറുപടി നൽകിയിരിക്കുകയാണ് ജോ റൂട്ട്. ഇതോടെ ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടവും റൂട്ട് സ്വന്തം പേരിലാക്കി. എല്ലാ ഫോർമാറ്റിൽ നിന്നും 59 സെഞ്ചുറിയുണ്ട് ജോ റൂട്ടിന്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ നാലാമത്തെ താരമായി ജോ റൂട്ട്. 39 സെഞ്ചുറികളുള്ള കുമാർ സംഗാരയെയാണ് റൂട്ട് 40-ാം സെഞ്ചുറിയുമായി മറികടന്നത്. സച്ചിനാണ് (51) ഒന്നാമത്. കാലിസ് (45), പോണ്ടിംഗ് (41) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം അഞ്ച് റൺസ് എടുക്കുന്നതിനിടെ രണ്ടുവിക്കറ്റുകൾ നഷ്ടമായ ഇംഗ്‌ളണ്ടിനെ ഒരുവിധം കരയ്ക്ക് കയറ്റി ജോ റൂട്ടും (135) ഓപ്പണർ സാക്ക് ക്രാവ്‌ലിയും (76). ഗാബയിലെ ഡേ ആൻഡ് നൈറ്റ് പിങ്ക്ബാൾ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യദിനം കളിയവസാനിക്കുമ്പോൾ 325/9 എന്ന നിലയിലാണ്. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് ആറുവിക്കറ്റെടുത്തു.
അഞ്ചു റൺസിനിടെ ബെൻ ഡക്കറ്റും ഒല്ലി പോപ്പും ഡക്കായി മടങ്ങിയതോടെ ക്രീസിലൊരുമിച്ച ക്രാവ്‌ലിയും റൂട്ടും ചേർന്ന് 117 റൺസ് കൂട്ടച്ചേർത്തു. ക്രാവ്‌ലി മടങ്ങിയശേഷം ഹാരി ബ്രൂക്ക്‌സ് (31), ബെൻ സ്റ്റോക്‌സ് (19), വിൽ ജാക്‌സ് (19) എന്നിവരെക്കൂട്ടി റൂട്ട് പോരാട്ടം തുടർന്നു. 181 പന്തുകളിലാണ് റൂട്ട് സെഞ്ചുറി തികച്ചത്. ബ്രണ്ടൻ കാഴ്‌സ് (0) പുറത്താകുമ്പോൾ 264/9 എന്ന നിലയിലായ ടീമിനെ ആർച്ചറെക്കൂട്ടിയാണ് റൂട്ട് 325ലെത്തിച്ചത്. 202 പന്തുകൾ നേരിട്ട റൂട്ട് 15 ഫോറുകളും ഒരു സിക്‌സും പറത്തി.
ഇന്ന് ഇംഗ്ലണ്ട് 334 റൺസിന് എല്ലാവരും പുറത്തായി.
രണ്ടാം ദിവസം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്‌ട്രേലിയ 27 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തിട്ടുണ്ട്. ഓസ്‌ട്രേലിയയ്ക്കു വേണ്ടി ട്രാവിസ് ഹെഡ് (33), ജേക്ക് വെതർലാൻഡ് (72) എന്നിവരാണ് പുറത്തായത്. ലുബുഷെയ്ൻ (35), സ്റ്റീവ് സ്മിത്ത് (3) റൺസുമെടുത്ത് ക്രീസിൽ.
സ്റ്റാർക്കിന് ആറുവിക്കറ്റ്, അക്രത്തിനെ മറികടന്നു
ഗാബയിൽ ഇന്നലെ ആറുവിക്കറ്റ് നേടിയ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇടംകൈയ്യൻ പേസറെന്ന വസീം അക്രമിന്റെ റെക്കാഡ് മറികടന്നു. 104 മത്സരങ്ങളിൽ അക്രം 414 വിക്കറ്റുകൾ നേടിയിട്ടുണ്ട്. സ്റ്റാർക്കിന് 102 ടെസ്റ്റിൽ നിന്ന് 418 വിക്കറ്റായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
