നിലവിലെ ചാമ്പ്യന്മാരായ ഐവറി കോസ്റ്റിനെ പരാജയപ്പെടുത്തി ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ സെമിഫൈനലിലെത്തി ഈജിപ്ത്.
ലിവർപൂളിലെ അനിശ്ചിതത്വങ്ങളും ബെഞ്ചിലിരിക്കേണ്ടി വന്നതിന്റെ കയ്പ്പും മറന്ന്, ഈജിപ്ഷ്യൻ ജേഴ്‌സിയിൽ സലായുടെ മികവിൽ ക്വാർട്ടർ ഫൈനലിൽ ചാമ്പ്യന്മാരെ 3-2ന് തോൽപ്പിച്ചത്.
മത്സരം തുടങ്ങി വെറും 182 സെക്കൻഡുകൾക്കുള്ളിൽ തന്നെ ഈജിപ്ത് ലീഡെടുത്തിരുന്നു. മാഞ്ചസ്റ്റർ സിറ്റി താരം ഒമർ മർമൂഷിലൂടെയാണ് ആദ്യ ഗോൾ പിറന്നത്. ഐവറി കോസ്റ്റ് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മർമൂഷ് പന്ത് വലയിലെത്തിച്ചതോടെ സ്റ്റേഡിയം ആവേശക്കടലായി. 32-ാം മിനിറ്റിൽ റാമി റാബിയയിലൂടെ ഈജിപ്ത് ലീഡ് രണ്ടാക്കി ഉയർത്തി. എന്നാൽ, പകുതി സമയത്തിന് തൊട്ടുമുമ്പ് അഹമ്മദ് അബുൾഫെറ്റു വഴങ്ങിയ ഒരു സെൽഫ് ഗോൾ ഐവറി കോസ്റ്റിന് നേരിയ പ്രതീക്ഷ നൽകി.
രണ്ടാം പകുതിയിൽ 52-ാം മിനിറ്റിൽ അഷോർ നൽകിയ ക്രോസ് കൃത്യമായി വലയിലേക്കെത്തിച്ചുകൊണ്ട് സലാ ഈജിപ്തിന്റെ ലീഡ് ഇരട്ടിയാക്കി. ഇതോടെ സലാ തന്റെ ആദ്യ AFCON കിരീടത്തിലേക്ക് ഒരു പടികൂടി അടുത്തു. 73-ാം മിനിറ്റിൽ ഐവറി കോസ്റ്റിനായി ഡൗ ഒരു ഗോൾ മടക്കിയെങ്കിലും ഈജിപ്ഷ്യൻ പ്രതിരോധം ഉറച്ചുനിന്നു. 37കാരനായ ഗോൾകീപ്പർ മുഹമ്മദ് എൽ ഷെനാവിയുടെ കരുത്തിൽ ഈജിപ്ത് സെമി ഫൈനൽ ബെർത്ത് ഉറപ്പിച്ചു.
ലിവർപൂളിനായി പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ സകല കിരീടങ്ങളും നേടിയെങ്കിലും, സ്വന്തം രാജ്യത്തിനായി ഒരു ആഫ്രിക്കൻ മെഡൽ നേടുക എന്നത് സലായുടെ കരിയറിലെ ഏറ്റവും വലിയ സ്വപ്‌നമാണ്. 2017ലും 2022ലും ഫൈനലിൽ തോറ്റതിന്റെ വേദന മറക്കാൻ ഈ 33കാരന് ഇത്തവണ വിജയിച്ചേ തീരൂ. 'ഈജിപ്ഷ്യൻ ജേഴ്‌സി അണിയുന്നത് അഭിമാനമാണ്, ജനങ്ങളുടെ സന്തോഷത്തിനായി ഞങ്ങൾ പോരാടും,' എന്നാണ് മത്സരശേഷം സലാ പ്രതികരിച്ചത്.
ബുധനാഴ്ച ടാൻജിയേഴ്‌സിൽ നടക്കുന്ന സെമി ഫൈനലിൽ ഈജിപ്ത് കരുത്തരായ സെനഗലിനെ നേരിടും. കഴിഞ്ഞ തവണ ഫൈനലിൽ തങ്ങളെ തോൽപ്പിച്ചവരോട് പകരം ചോദിക്കാനുള്ള സുവർണ്ണാവസരമാണ് സലായ്ക്ക് കൈവന്നിരിക്കുന്നത്. സെനഗലിനെ മറികടന്നാൽ ഫൈനലിൽ മൊറോക്കോയോ നൈജീരിയയോ ആയിരിക്കും എതിരാളികൾ. എട്ടാം തവണയും ആഫ്രിക്കയുടെ കിരീടം കൈക്കലാക്കാൻ പോരാടുന്ന യഥാർത്ഥ ഈജിപ്തുകാരെ കാത്ത് ശ്വാസമടക്കി നിൽക്കുകയാണ് ലോകം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
